തായ്‌വാൻ കപ്പലിനുനേർക്ക് ആക്രമണം; അനുമതിയില്ലാത്ത കപ്പലുകൾക്ക് ഹോർമുസിൽ സുരക്ഷ ഉറപ്പില്ലെന്ന് ഇറാൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ടെഹ്റാൻ: അമേരിക്കയുടെ ഭാഗം ചേരരുതെന്ന് ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. ഇറാന്റെ താല്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും പുറത്തുള്ള ക്രമീകരണങ്ങളുമായി വരുന്ന കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ തായ്‌വാന്റെ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടന്നതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.

കപ്പൽ ഗതാഗതത്തിനുള്ള ഏതൊരു ചട്ടക്കൂടും ഇറാനുമായുള്ള ഏകോപനത്തിലും ധാരണാപത്രത്തിലെ അഞ്ചാം ഖണ്ഡികയിലെ വ്യവസ്ഥകളിലും അധിഷ്ഠിതമായിരിക്കണമെന്ന് കാസെം ഘരീബാബാദി പറഞ്ഞു. അല്ലാത്തപക്ഷം നിശ്ചയിച്ചിട്ടുള്ള സമാന്തര പാതകൾ പിൻവലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ പരിഗണനകൾക്ക് പുറത്തുള്ള ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും കടുത്ത നയതന്ത്ര-സൈനിക സംഘർഷത്തിനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്മേലുള്ള തങ്ങളുടെ നിയന്ത്രണാധികാരം ഇറാൻ ആവർത്തിക്കുമ്പോൾ ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ അമേരിക്കയും ആറ് ഗൾഫ് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ തള്ളിക്കളഞ്ഞു. നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്രമായ കപ്പൽ ഗതാഗതം വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇറാൻ കപ്പലുകളെ തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.

ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ ഒരു കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി തായ്‌വാൻ കമ്പനിയായ എവർഗ്രീൻ മറൈൻ സ്ഥിരീകരിച്ചു. വ്യാഴാഴ്ച കടലിടുക്കിൽവെച്ച് ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായതായും ഇറാൻ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്തതായും അമേരിക്കൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തെത്തുടർന്ന്, ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകളെയും ആയിരക്കണക്കിന് നാവികരെയും ഒഴിപ്പിക്കാനുള്ള പദ്ധതി യുഎൻ കപ്പൽ ഏജൻസി താൽക്കാലികമായി നിർത്തിവെച്ചു.

ഒമാൻ തീരത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെത്തുടർന്ന് വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഗണ്യമായ കുറവുണ്ടായതായി ഷിപ്പ് ട്രാക്കിങ് ഡാറ്റകൾ വ്യക്തമാക്കുന്നു.

Content Highlights: Iran asserts control over the Strait of Hormuz following a ship attack.