യുദ്ധം കഴിഞ്ഞാൽ ഹോർമുസിൽ മാറ്റങ്ങൾ; കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഇറാൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഇറാൻ. നിലവിലെ യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇറാൻ വിദേശകാര്യ മന്ത്രിയായ അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. യുഎസുമായും ഇസ്രയേലുമായും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്നത് തടയാനുള്ള ഇറാന്റെ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. യുദ്ധകാലത്ത് ഇത്തരമൊരു നീക്കം ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ഞങ്ങളുടെ കാഴ്ചപ്പാടിൽ ഇത് ഇറാനോട് ചേർന്നുള്ള ജലപാതയാണ്. സ്വാഭാവികമായും ഞങ്ങളുടെ ശത്രുക്കൾ ഈ ജലപാത ഉപയോഗിക്കുന്നത് ഞങ്ങൾ അനുവദിക്കില്ല. സംഘർഷവും സുരക്ഷാഭീഷണിയും കാരണം നിരവധി കപ്പലുകൾ ഇതിനകം ഈ പാതയിലൂടെയുള്ള ഗതാഗതത്തിൽനിന്ന് പിന്തിരിഞ്ഞിട്ടുണ്ട്. യുദ്ധാനന്തരം ഇതിൽ ഒരു പുനഃക്രമീകരണം വേണം. ഭാവിയിൽ ഇതിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഒരു പുതിയ പ്രോട്ടക്കോൾ ഇറാൻ ആവശ്യപ്പെടും'' അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാന്റെ മേഖലയുടെയും താത്പര്യങ്ങൾ കണക്കിലെടുത്ത് വ്യക്തമായ നിയന്ത്രണങ്ങളോടെ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടന്നുപോകുന്നതിന് പുതിയ ക്രമീകരണങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ ദീർഘകാലാടിസ്ഥാനത്തിൽ ഇവിടുത്തെ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ഇറാന്റെ നീക്കം ആഗോളതലത്തിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. യുദ്ധകാലത്തെ സാഹചര്യം ഉപയോഗപ്പെടുത്തി ഹോർമുസിൽ സ്ഥിരമായ സ്വാധീനം ഉറപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Content Highlights: Iran intends to introduce new shipping protocols for the Strait of Hormuz post-conflict., The FM stated that hostile nations' ships may be restricted from the waterway., The move is aimed at securing regional interests and enhancing maritime control., Global energy security is at risk as 20% of the world's oil transits this route.