‘20% കൂടുതലാണ്, ഞങ്ങൾ അത്രയും വാങ്ങില്ല’; ഹോർമുസിൽ ഫീസ് ഈടാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയിൽ ഇറാൻ

#ന്യൂസ് ഡെസ്ക്
അബ്ബാസ് അരാഗ്ചി | Photo: PTI | ഡൊണാൾഡ് ട്രംപ് | Photo: AP
അബ്ബാസ് അരാഗ്ചി | Photo: PTI | ഡൊണാൾഡ് ട്രംപ് | Photo: AP

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഫീസ് ഈടാക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിൽ പ്രതികരിച്ച് ഇറാൻ. ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിന് ഫീസ് ഈടാക്കണമെന്ന നിലപാട് അംഗീകരിക്കുന്നതായും, എന്നാൽ അതിന് അർഹത തങ്ങൾക്കാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.

‘ഹോർമുസ് വഴി ചരക്കുകൾ കടന്നുപോകാൻ സുരക്ഷയൊരുക്കുന്നവർക്ക് ഈ സേവനത്തിന് സാമ്പത്തിക നഷ്ടപരിഹാരം നൽകണം. ഇപ്പോഴും എപ്പോഴും ഇറാൻതന്നെയാണ് ഹോർമുസിന്റെ സംരക്ഷകർ’, അരാഗ്ചി സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. ട്രംപ് നിർദേശിച്ച 20 ശതമാനം ഫീസ് വളരെ കൂടുതലായിപ്പോയെന്നും തങ്ങൾ ന്യായമായ രീതിയിലേ തുക ഈടാക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ഹോർമുസിലൂടെയുള്ള ഗതാഗതം സംരക്ഷിക്കുന്നതിന് ഗൾഫ് രാജ്യങ്ങൾ യു.എസിന് പ്രതിഫലം നൽകണമെന്ന് നേരത്തേ ട്രംപ് വ്യക്തമാക്കിയിരുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നികുതി ഈടാക്കുമെന്നും അദ്ദേഹം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം, ഇറാനിയൻ കപ്പലുകളെ അകത്തേക്കും പുറത്തേക്കും കടത്തിവിടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് ഹോർമുസിന്റെ എല്ലായ്‌പോഴുമുള്ള സംരക്ഷകർ തങ്ങളാണെന്നും അവിടെ നികുതി ഈടാക്കണമെന്ന ട്രംപിന്റെ വാദം ന്യായമാണെന്നും അരാഗ്ചി വ്യക്തമാക്കിയത്.

അതിനിടെ യു.എസ്. സൈനിക ഇടപെടലുകൾ ഇറാന്റെ സൈനികശേഷിയെ ദുർബലപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവിക-വ്യോമ ആസ്തികളും പ്രതിരോധ സംവിധാനങ്ങളും വലിയതോതിൽ നശിപ്പിച്ചു. 159 വിമാനങ്ങൾ കടലിൽ താഴ്ത്തി. 200 വിമാനങ്ങൾ തകർത്തു. നാലുമാസംകൊണ്ട് ഇറാനെ ശിലായുഗത്തിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഇറാനിൽ ഇപ്പോഴും ചില മിസൈലുകളും ശേഷികളും ബാക്കിയുണ്ടെന്ന് ട്രംപ് സമ്മതിച്ചു.