മുടി കാണിച്ചതിന് മഹ്സ അമീനിയെ കൊന്ന ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്; ഖമേനിയുടെ വിശ്വസ്തൻ്റെ മകളുടെ വിവാഹത്തിൽ വിമർശനം

തെഹ്‌റാൻ: കര്‍ശനമായ ഹിജാബ് നിയമമാണ് ഇറാനിലേത്. ഹിജാബ് വിഷയത്തില്‍ യാഥാസ്ഥിക ഭരണകൂടത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ ഇറാനില്‍ വസ്ത്രത്തിന്റെ പേരില്‍ വീണ്ടും വിവാദം. ഇത്തവണ പ്രതിരോധത്തിലായത് ഭരണകൂടമാണെന്ന് മാത്രം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത സഹായിയും കർശനമായ ഹിജാബ് നിയമങ്ങൾ രാജ്യത്ത് നടപ്പാക്കാൻ വാദിക്കുന്ന ഉദ്യോഗസ്ഥനുമായ അലി ഷംഖാനിയുടെ മകളുടെ വിവാഹമാണ് വിവാദങ്ങൾക്ക് വഴി തുറന്നത്.
2024-ൽ നടന്ന അലി ഷംഖാനിയുടെ മകളുടെ വിവാഹ ചടങ്ങിൽ നിന്നുള്ള വീഡിയോദൃശ്യങ്ങളാണ് വിമർശനങ്ങൾക്കിടയാക്കിയത്. വിവാഹത്തിന് യുവതി സ്ട്രാപ്‌ലെസ് ഗൗൺ ധരിച്ചാണ് എത്തിയത്. ഇറാനിലെ ഏറ്റവും മുതിർന്ന പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനും ഖമേനിയുടെ വിശ്വസ്തനുമാണ് ഷംഖാനി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ കർശനമായ ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കാൻ വാദിക്കുകയും പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ അടിച്ചമർത്തലുകൾക്ക് ഉത്തരവിടുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.
ടെഹ്‌റാനിലെ ആഡംബര ഹോട്ടലായ എസ്പിനാസ് പാലസ് ഹോട്ടലിലായിരുന്നു വിവാഹം. വിവാഹം നടക്കുന്ന ഹാളിലേക്ക് മകളെ ആനയിച്ചുക്കൊണ്ടുവന്നത് ഷംഖാനിയായിരുന്നു. ലോ-കട്ട്, സ്ട്രാപ്‌ലെസ് വസ്ത്രമാണ് യുവതി ധരിച്ചിരുന്നത്. സുതാര്യമായ തല കഷ്ടിച്ച് മറയ്ക്കാവുന്ന നെറ്റായിരുന്നു ഹിജാബിന് പകരമായി അണിഞ്ഞിരുന്നത്. ഷംഖാനിയുടെ ഭാര്യയുടെ വസ്ത്രത്തിലും വിമർശനമുയരുന്നുണ്ട്. ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതാണ് വസ്ത്രമെന്നാണ് വിമർശനം.
ഹിജാബ് നിർബന്ധമാക്കുകയും സദാചാര നിയമങ്ങൾ പതിറ്റാണ്ടുകളായി കർശനമായി നടപ്പിലാക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഷംഖാനിയുടെ നടപടി ഇരട്ടത്താപ്പാണെന്നാണ് വിമർശനം. "ഇസ്ലാമിക് റിപ്പബ്ലിക്കിലെ നിയമങ്ങൾ നടപ്പാക്കുന്ന പ്രധാനികളിൽ ഒരാളായ അലി ഷംഖാനിയുടെ മകൾ സ്ട്രാപ്‌ലെസ് വസ്ത്രം ധരിച്ച് ആഡംബരപൂർവ്വം വിവാഹം കഴിച്ചു. അതേസമയം, ഇറാനിൽ മുടി കാണിച്ചതിന് സ്ത്രീകൾ മർദ്ദിക്കപ്പെടുന്നു." എന്ന് ഇറാനിൽ നിന്ന് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റ് മസിഹ് അലിനെജാദ് എക്‌സിൽ കുറിച്ചു.
'വെടിയുണ്ടകളും ലാത്തികളും ജയിലുകളും ഉപയോഗിച്ച് മറ്റെല്ലാവരിലും ഖമേനി ഭരണകൂടം ഇസ്ലാമിക മൂല്യങ്ങൾ അടിച്ചേൽപ്പിക്കുന്നതുകൊണ്ടാണ് ഈ വീഡിയോ ദശലക്ഷക്കണക്കിന് ഇറാനികളെ പ്രകോപിപ്പിച്ചത്. ഖമേനിയുടെ പ്രധാന ഉപദേഷ്ടാവ് തന്റെ മകളുടെ വിവാഹം ഒരു കൊട്ടാരസദൃശമായ വേദിയിൽ ആഘോഷിച്ചു. അല്പം മുടി കാണിച്ചതിന് മഹ്സ അമീനിയെ കൊന്ന, പാട്ടുപാടിയതിന് സ്ത്രീകളെ ജയിലിലടയ്ക്കുന്ന, പെൺകുട്ടികളെ വാനുകളിലേക്ക് വലിച്ചിഴയ്ക്കാൻ 80,000 'സദാചാര പോലീസുകാരെ' നിയമിച്ച അതേ ഭരണം, തങ്ങൾക്കായി ഒരു ആഡംബര വിരുന്ന് നടത്തുന്നു. ഇത് ഇരട്ടത്താപ്പല്ല, ഇതാണ് വ്യവസ്ഥിതി. ഇതിൽ നിന്ന് സന്ദേശം വളരെ വ്യക്തമാണ്. നിയമങ്ങൾ നിങ്ങൾക്കുള്ളതാണ്, അവർക്കുള്ളതല്ല.' മസിഹ് അലിനെജാദ് വിമർശിച്ചു.
സ്വന്തം നിയമങ്ങളിൽ ഭരണാധികാരികൾക്ക് തന്നെ വിശ്വാസമില്ലെന്നും, ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നതെന്നും ഇറാനിയൻ മാധ്യമപ്രവർത്തകനായ അമീർ ഹുസൈൻ മൊസല്ലയും വിമർശിച്ചു. 2022-ൽ, രാജ്യവ്യാപകമായ ഒരു പ്രക്ഷോഭം ഇറാനെ പിടിച്ചുകുലുക്കിയപ്പോൾ ഷംഖാനിയായിരുന്നു ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലിനെ നയിച്ചിരുന്നത്. അന്ന് രാജ്യത്തെ ഹിജാബ് നിയമത്തിൽ പ്രതിഷേധിച്ച് സ്ത്രീകൾ തെരുവിലിറങ്ങുകയും ശിരോവസ്ത്രം കത്തിക്കുകയും ചെയ്തിരുന്നു.
The daughter of Ali Shamkhani one of the Islamic Republic’s top enforcers had a lavish wedding in a strapless dress. Meanwhile, women in Iran are beaten for showing their hair and young people can’t afford to marry. This video made millions of Iranian furious. Because they… https://t.co/MAb9hNgBnN pic.twitter.com/WoRgbpXQFA
— Masih Alinejad 🏳️ (@AlinejadMasih) October 19, 2025
Content Highlights: Video of Ali Shamkhani`s daughter`s lavish wedding in a strapless gown ignites fury. Critics accuse Iran`s hardline regime of hypocrisy amid strict hijab laws and crackdowns.