സിഗററ്റ് പുകച്ച് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ; ഇറാനിലെ തെരുവുകളിൽ പ്രതിഷേധം ആളിപ്പടരുന്നു

ടെഹ്‌റാൻ: ഭരണകൂടത്തോടുള്ള എതിർപ്പ് രജ്യത്തെങ്ങും കത്തിപ്പടരവേ ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ പ്രതിഷേധിക്കുന്ന ഇറാനിയൻ ജനതയുടെ പോരാട്ടവീര്യത്തിനു കരുത്തു പകരുകയാണ് ഈ ചിത്രങ്ങൾ.
ഇത്തരം ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ട്. ലോകമെമ്പാടും ആയിരക്കണക്കിന് തവണ ഈ ചിത്രങ്ങൾ പങ്കുവെക്കുകയും വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഈ രീതി പ്രതിരോധത്തിന്റെ ശക്തമായ ചിഹ്നമായി മാറിയിട്ടുണ്ടെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും അധികാരികൾക്ക് ഇത് തടയാൻ പ്രയാസമാണെന്നും നിരീക്ഷകർ പറയുന്നു.
വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദം നേരിടുന്ന സമയത്താണ് അവകാശ ലംഘനങ്ങളും ചർച്ചയാകുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പം, കുത്തനെ ദുർബലമാകുന്ന കറൻസി, വർധിച്ചുവരുന്ന ഭക്ഷ്യവില എന്നിവ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പൊതുജനരോഷം ആളിക്കത്തിക്കുകയാണ്. ഭരണകൂടവുമായി ബന്ധപ്പെട്ട മുതിർന്ന നേതാക്കളുടെ ചിത്രങ്ങൾ കത്തിക്കുകയും പ്രതിമകൾ നശിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ഇറാനിയൻ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് ഗുരുതരമായ കുറ്റമാണ്. സ്ത്രീകളെ ദീർഘകാലമായി നിയന്ത്രിക്കുന്ന സമൂഹം പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നിർബന്ധിത ഹിജാബ് നിയമം ഉൾപ്പെടെയുള്ള കർശന സാമൂഹിക നിയമങ്ങളെയും സ്ത്രീകളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിലുള്ള പരിമിതികളെയും പ്രതിഷേധക്കാർ ബോധപൂർവ്വം നിരസിക്കുന്നതായാണ് ഇറാനിൽനിന്നു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2022-ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമീനി എന്ന യുവതി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രതിഷേധ രീതി. വലിയ തോതിലുള്ള തെരുവുപ്രകടനങ്ങൾ അടിച്ചമർത്തപ്പെട്ടെങ്കിലും ഓൺലൈനിൽ പെട്ടെന്നുതന്നെ പ്രചരിപ്പിക്കാൻ കഴിയുന്ന രീതിയിലേക്ക് പ്രതിരോധം മാറി. ഇത്തരം വീഡിയോകളുടെ വർധിച്ചുവരുന്ന പ്രചാരം ഈ പ്രവണത ആഗോള ഡിജിറ്റൽ പ്രതിഭാസമായി മാറിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. ഇത് ഇറാനിയൻ സ്ത്രീകളുടെ പ്രതിരോധത്തെ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്.
Content Highlights: Iranian women burn images of Supreme Leader Khamenei amid widespread protests against the regime. A powerful symbol of resistance as economic hardship fuels public anger. See the viral images.