'ഹോർമുസ് കടലിടുക്ക് തുറക്കാം, സംഘർഷം അവസാനിപ്പിക്കാം'; ഏഴുദിന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ

ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും അമേരിക്കയുമായി ആണവപരിപാടി സംബന്ധിച്ച സമഗ്ര ചർച്ചകൾ പുനരാരംഭിക്കാനുമുള്ള ഏഴുദിന പദ്ധതി മുന്നോട്ട് വെച്ച് ഇറാൻ. ഇടനിലക്കാർ മുഖേന പദ്ധതിയുടെ 'റോഡ്മാപ്പ്' അമേരിക്കയ്ക്ക് കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ധാരണയിലെത്തുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപാധികൾ അംഗീകരിക്കുകയാണെങ്കിൽ ഏഴാം ദിവസത്തോടെ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ നിർദേശം. അതിന് പിന്നാലെ ആണവചർച്ചകൾ പുനരാരംഭിക്കാനാണ് പദ്ധതി. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനരേഖകളോട് പുതിയ നിർദേശത്തിന് സാമ്യമുണ്ട്. യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അരാഗ്ചി.
ജർമൻ വിദേശകാര്യ മന്ത്രി യോഹാൻ വാഡെഫുളുമായി നടത്തിയ കൂടിക്കാഴ്ചയിലും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഇറാന്റെ വ്യവസ്ഥകളും ആവശ്യങ്ങളും അറിയിച്ചതായി അരാഗ്ചി പറഞ്ഞു. ഇറാനെതിരായ യുഎസ് ഇടപെടലുകളും ആക്രമണങ്ങളും അവസാനിച്ചാൽ മാത്രമേ മേഖലയിൽ സുരക്ഷ പുനഃസ്ഥാപിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ആണവപരിപാടിയുമായി ബന്ധപ്പെട്ട് നയതന്ത്രത്തിനാണ് ഇറാൻ ഇപ്പോഴും മുൻഗണന നൽകുന്നത്. ചർച്ചകൾ നടക്കുന്നതിനിടെ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചു. ഹോർമുസ് കടലിടുക്കിലെ അസ്ഥിരതയ്ക്ക് ഇറാനെ ഉത്തരവാദിയാക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ നടപടികളെ വിമർശിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ജൂണിൽ ഉണ്ടായ ധാരണ തകർന്നതിന് ഉത്തരവാദി അമേരിക്കയാണെന്ന് പറഞ്ഞു. ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെന്നും സൈനിക നടപടിയിലൂടെ അമേരിക്ക നയതന്ത്ര ശ്രമങ്ങളെ തകർത്തുവെന്നും പെസെഷ്‌കിയാൻ ആരോപിച്ചു.
Content Highlights: Iran Foreign Minister Seyed Abbas Araghchi submitted a 7-day roadmap to the US to de-escalate West Asia conflict, reopen the Strait of Hormuz, and resume nuclear program negotiations ahead of US midterms.