ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം നീട്ടിക്കൊണ്ടുപോകും, യു.എസ്. സൈന്യം കരുതിയതിനേക്കാൾ ദുർബലം- ഇറാൻ

ടെഹ്റാൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി കഴിയുന്നതുവരെ യുദ്ധം മനഃപൂർവം നീട്ടിക്കൊണ്ടുപോകാൻ ഇറാന് സാധിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.). സംഘർഷം നീട്ടിക്കൊണ്ടുപോയി ശത്രുവിനെ തളർത്തുന്നതിലൂടെ ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങളെ തടയാൻ കഴിയുമെന്ന് ഐ.ആർ.ജി.സി. കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ മുഹമ്മദ് റസാ നഖ്ദി വ്യക്തമാക്കി.
അടുത്ത പ്രസിഡന്റ് കാലാവധി എത്തുന്നതുവരെ ഈ യുദ്ധം നീട്ടിക്കൊണ്ടുപോവുകയും യു.എസിന് കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്യുക എന്നത് മുന്നിലെ ഒരു വഴിയാണ്. ഇറാനെ ആക്രമിക്കാൻ മുതിരുന്ന ഏതൊരാളും അതിന് വലിയ വിലനൽകേണ്ടിവരുമെന്ന് ഇതിലൂടെ മനസ്സിലാക്കിക്കൊടുക്കാൻ കഴിയും. നിലവിൽ യുദ്ധത്തിൽ ഇറാനാണ് മുന്നിൽ. എന്നാൽ, അന്തിമലക്ഷ്യത്തിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും നഖ്ദി പറഞ്ഞു.
തങ്ങളെ ആക്രമിക്കാൻ ശത്രുക്കൾ ഇനിയൊരിക്കലും തുനിയാത്ത രീതിയിലുള്ള പ്രതിരോധം തീർക്കുകയാണ് ഈ യുദ്ധം ദീർഘിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ പോരാട്ടത്തിൽനിന്ന് ഇറാൻ ഏറെ കാര്യങ്ങൾ പഠിച്ചു. കരുതിയതിനേക്കാൾ ദുർബലമാണ് യു.എസ്. സൈന്യമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇറാൻ നിലവിൽ കൂടുതൽ മിസൈലുകൾ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം വർഷങ്ങളോളം നീണ്ടാലും റോക്കറ്റ് ആക്രമണങ്ങൾ തുടരാൻ കഴിയും. ഇനി ഏതെങ്കിലും ഘട്ടത്തിൽ മിസൈൽ ശേഖരം തീർന്നുപോയാൽ ഇറാൻ ഇതിലും വലിയ ഭീഷണി ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മിസൈലുകൾ ഇല്ലാതെ ഇറാൻ എങ്ങനെ കൂടുതൽ അപകടകാരിയാകും എന്ന ചോദ്യത്തിന്, ലോകമെമ്പാടും യു.എസിന് ആയിരക്കണക്കിന് സാമ്പത്തിക താത്പര്യങ്ങളും നിക്ഷേപങ്ങളുമുണ്ടെന്നും അവയെല്ലാം എളുപ്പത്തിൽ നശിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം മറുപടി നൽകി. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
Content Highlights: IRGC senior adviser Mohammad Reza Naqdi says Iran could prolong the war with the US until President Trump leaves office., The strategy aims to use attrition to impose costs and establish long-term deterrence against future attacks.