ഭരണത്തിൽ ഐആർജിസി അമിതമായി ഇടപെടുന്നു; ഇറാൻ പ്രസിഡന്റ് രാജിക്കെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഓഫീസ്

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ രാജിവെയ്ക്കാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. പരമോന്നത നേതാവിന്റെ ഓഫീസിന് അദ്ദേഹം രാജിക്കത്ത് കൈമാറിയതായാണ് 'ഇറാൻ ഇന്റർനാഷണലി'ന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇറാൻ പ്രസിഡന്റിന്റെ ഓഫീസ് ഇത്തരം റിപ്പോർട്ടുകൾ നിഷേധിച്ചു. ഇത് അടിസ്ഥാനരഹിതവും അസംബന്ധം നിറഞ്ഞതുമായ വാർത്തകളാണെന്നും വിദേശമാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് തന്റെ സർക്കാരിനെ ഒഴിവാക്കുന്നതും തീവ്രനിലപാടുള്ള വിഭാഗത്തിന് ഭരണത്തിൽ അമിതമായ സ്വാധീനം കിട്ടുന്നതുമാണ് പ്രസിഡന്റിനെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പ്രസിഡന്റിനെ ഒഴിവാക്കി ഭരണപരമായ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതിൽ അദ്ദേഹം കടുത്ത നീരസം പ്രകടിപ്പിച്ചതായാണ് വിവരം. രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ സായുധ സേനയായ ഐആർജിസി ഉൾപ്പെടെ അമിതമായി ഇടപെടുന്നതിലും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകൾ കാരണം ഭരണപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളെല്ലാം വിശദീകരിച്ചാണ് പ്രസിഡന്റ് രാജിക്കത്ത് നൽകിയതെന്നും എത്രയുംവേഗം സ്ഥാനമൊഴിയാൻ അനുമതി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, പ്രസിഡന്റ് രാജിക്ക് ഒരുങ്ങുകയാണെന്ന വാർത്തകൾ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. വിദേശ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾ യാഥാർഥ്യവുമായി ബന്ധമില്ലാത്ത വെറും അഭിലാഷങ്ങൾ മാത്രമാണെന്നും പെസെഷ്‌കിയൻ പ്രസിഡന്റിന്റെ ഓഫീസിൽത്തന്നെ തുടരുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
'ഇറാൻ ഇന്റർനാഷണൽ' പ്രസിദ്ധീകരിച്ച റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്ന് പ്രസിഡന്റ് ഓഫീസിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി സയ്യിദ് മെഹ്ദി തബ്തബേയിയും പറഞ്ഞു. വിദേശമാധ്യമം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. വിദേശ ശൃംഖലകളുടെ കിംവദന്തികൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ ഗെയിമാണിത്. യാഥാർഥ്യത്തിന് പകരം അവരുടെ ആഗ്രഹങ്ങളാണ് അവർ പ്രസിദ്ധീകരിക്കുന്നത്. പ്രസിഡന്റ് പെസെഷ്‌കിയൻ അദ്ദേഹത്തിന്റെ ചുമതലകളിൽ തുടരും. ജനങ്ങളെ സേവിക്കുന്നതിൽനിന്ന് അദ്ദേഹം പിന്നോട്ടുപോകില്ലെന്നും കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി വ്യക്തമാക്കി.
ഇറാന്റെ നേതൃത്വത്തിൽ ഭിന്നത രൂക്ഷമാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഗൾഫ് രാജ്യങ്ങളോട് മാപ്പപേക്ഷിച്ചത് ഐആർജിസിയെ അടക്കം ചൊടിപ്പിച്ചിരുന്നതായാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് പ്രസിഡന്റ് പിന്നീട് ക്ഷമാപണം ഒഴിവാക്കിയതെന്നും പറഞ്ഞിരുന്നു. തീവ്രനിലപാട് സ്വീകരിക്കുന്നവരും പ്രായോഗികവാദികളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതായും നേരത്തേ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: Reports claimed President Pezeshkian submitted a resignation letter to the Supreme Leader's office., The President's office officially denied the reports, calling them baseless and fabricated., Internal friction between the administration and hardline factions like the IRGC is reported., The administration claims the President remains committed to his duties and serving the public.