ഒക്ടോബർ 7 മോഡലിൽ വൻ ആക്രമണം: ഇസ്രയേലിനെ വളയാൻ ഇറാനും സഖ്യകക്ഷികളും ഒരുങ്ങുന്നതായി റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
Photo: x
Photo: x

ടെൽ അവീവ്: ഒക്ടോബർ ഏഴ് മാതൃകയിൽ ഇസ്രയേലിനെതിരേ ഇറാൻ സംയോജിതമായ വൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇറാന്റെ സായുധസേന, ലെബനനിലെ ഹിസ്ബുള്ള, യെമെനിലെ ഹൂതികൾ, ഇറാഖിലേയും സിറിയയിലേയും ഇറാൻ അനുകൂല സായുധസംഘങ്ങൾ എന്നിവർ ഒന്നിച്ചുള്ള ആക്രമണമാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് 'ജറൂസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.

ശക്തവും സംയോജിതവുമായ ഒരാക്രമണമാണ് ഇറാൻ സഖ്യകക്ഷികളുമായി ചേർന്ന് ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോർട്ടിലുണ്ട്. ഒക്ടോബർ ഏഴ് ആക്രമണത്തിന് സമാനമാണെങ്കിലും അതിനേക്കാൾ ശക്തമായ തിരിച്ചടി നൽകുകയാണ് ലക്ഷ്യം. ഐ.ആർ.ജി.സി., ഹിസ്ബുള്ള, ഹൂതി ഉൾപ്പെടെയുള്ള സംഘടനാ നേതൃത്വം ഇതുസംബന്ധിച്ച ചർച്ചകളും ഓൺലൈൻ യോഗങ്ങളും നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ 7-ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് ഇറാനോ ഹിസ്ബുള്ളയ്‌ക്കോ മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് യു.എസ്., ഇസ്രയേൽ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണത്തിന്റെ വിജയംകണ്ട് മറ്റു സഖ്യകക്ഷികളും യുദ്ധത്തിലേക്ക് കടക്കുമെന്നാണ് അന്ന് ഹമാസ് നേതാവ് യഹ്‌യ സിൻവാർ കരുതിയിരുന്നത്. എന്നാൽ കൃത്യമായ ആശയവിനിമയത്തിന്റെ അഭാവംമൂലം മറ്റു ഗ്രൂപ്പുകളിൽനിന്ന് പരിമിതമായ പിന്തുണയേ ലഭിച്ചുള്ളൂ. ഹിസ്ബുള്ള മാത്രമാണ് ചെറിയ തോതിലെങ്കിലും ആക്രമണം നടത്തിയത്.

ഈ ഏകോപനമില്ലായ്മ പരിഹരിക്കാനാണ് നിലവിൽ ഇറാൻ ശ്രമിക്കുന്നത്. ഒരു പ്രാദേശിക ആക്രമണത്തിനുശേഷം മറ്റുള്ളവർ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് പകരം, ആക്രമണത്തിന്റെ ആദ്യദിവസംതന്നെ എല്ലാ വിഭാഗങ്ങളിൽനിന്നും ഒരേസമയം തിരിച്ചടി ആരംഭിക്കുന്ന രീതിയിലാണ് പുതിയ നീക്കം. ഇതിനൊപ്പംതന്നെ മുൻപ് ഇസ്രയേലുമായും യു.എസുമായുമുണ്ടായ ഏറ്റുമുട്ടലുകളിൽ തകർന്ന തങ്ങളുടെ സൈനികശേഷി വീണ്ടെടുക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്.