വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ ആക്രമണം: ലാവൻ ദ്വീപിലെ എണ്ണശുദ്ധീകരണ ശാലയിൽ സ്ഫോടനം

#ന്യൂസ് ഡെസ്ക്
File Photo: AFP
File Photo: AFP

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണ ശാലയിൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ബുധനാഴ്ച പ്രാദേശിക സമയം പത്ത് മണിയോടെയാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്ന് ഇറാനിയൻ ഓയിൽ മന്ത്രാലയത്തിന്റെ വാർത്താ ഏജൻസിയായ ഷാനയെ ഉദ്ധരിച്ച് നാഷണൽ ഇറാനിയൻ ഓയിൽ റിഫൈനിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിസരം സുരക്ഷിതമാക്കുന്നതിനും തീ നിയന്ത്രണവിധേയമാക്കുന്നതിനുമായി അഗ്നിശമന സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഇറാൻ നാഗരികതയെ പൂർണ്ണമായും നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ കടുത്ത മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് അവസാന നിമിഷം വെടിനിർത്തലിൽ ഇരു രാജ്യങ്ങളും എത്തിയത്. ഈ കരാറിനെ അമേരിക്കയുടെ പൂർണ്ണവും സമ്പൂർണ്ണവുമായ വിജയം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കരാർ പ്രകാരം രണ്ട് ആഴ്ചത്തേക്ക് അമേരിക്ക ആക്രമണങ്ങൾ നിർത്തിവെക്കുമെന്നും ഇതിന് പകരമായി ആഗോള എണ്ണ വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നു നൽകാൻ ഇറാൻ സമ്മതിച്ചതായും ട്രംപ് അറിയിച്ചു. വെടിനിർത്തൽ കാലയളവിൽ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ നിലയിൽ കൈകാര്യം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആണവായുധം നിർമ്മിക്കാനായി ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കുന്നു എന്നാരോപിച്ചാണ് ട്രംപ് സൈനിക നീക്കങ്ങൾ ആരംഭിച്ചതെങ്കിലും, ഈ അവകാശവാദം ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇറാൻ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് മുന്നോട്ടുവെച്ച സമാധാന പദ്ധതികളിൽ യുറേനിയം സമ്പുഷ്ടീകരണം നിർത്തുക, മിസൈൽ പ്രോഗ്രാമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ കർശന നിബന്ധനകൾ അമേരിക്ക വെച്ചിരുന്നുവെങ്കിലും പുതിയ വെടിനിർത്തൽ കരാറിൽ ഇവ വ്യക്തമാക്കപ്പെട്ടിട്ടില്ല.

Content Highlights: An oil refinery on Lavan Island was hit despite the 2026 US-Iran ceasefire.