ഇറാന്റെ ആണവകേന്ദ്രങ്ങളിൽ നിഗൂഢത തുടരുന്നുവെന്ന് ഐഎഇഎ; ഇസ്ഫഹാനിലെ ഭൂഗർഭകേന്ദ്രം നിരീക്ഷണത്തിൽ

ടെഹ്റാൻ: ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് നിഗൂഢത തുടരുകയാണെന്ന് പരസ്യ പ്രഖ്യാപനവുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ). ഇറാനിലെ ഇസ്ഫഹാനിലെ തകർക്കപ്പെട്ട ഭൂഗർഭ ആണവകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി അറിയിച്ചു.
കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമേരിക്കയും ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ ഈ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെട്ടിരുന്നത്. 2025 ജൂണിൽ ഈ കേന്ദ്രം സന്ദർശിക്കാൻ ഐഎഇഎ ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നെങ്കിലും ഇറാനുമായുള്ള സംഘർഷം തുടർന്ന സാഹചര്യത്തിൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
ഇറാന്റെ പക്കലുള്ള 60 ശതമാനം ശുദ്ധീകരിച്ച യുറേനിയത്തിന്റെ പകുതിയോളം ഇസ്ഫഹാനിലെ ഈ ടണൽ കോംപ്ലക്സിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ നിഗമനം. മുൻപുണ്ടായ ആക്രമണങ്ങളിൽ ഈ ടണൽ കോംപ്ലക്സിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന. ഈ ടണൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഏകദേശം 200 കിലോഗ്രാമിലധികം വരുന്ന യുറേനിയം ശേഖരം ആയുധനിർമാണത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന് റാഫേൽ ഗ്രോസി മുന്നറിയിപ്പ് നൽകി.
നിലവിൽ ഏകദേശം 440.9 കിലോഗ്രാം 60 ശതമാനം ശുദ്ധീകരിച്ച യുറേനിയം ഇറാൻ കൈവശംവെച്ചിട്ടുണ്ട്. ഇത് കൂടുതൽ ശുദ്ധീകരിക്കാനുള്ള സാഹചര്യം ഉണ്ടായാൽ പത്തോളം ആണവായുധങ്ങൾ നിർമിക്കാനാവശ്യമായ സ്‌ഫോടകവസ്തുക്കൾ ലഭിക്കുമെന്ന് ഐഎഇഎ കണക്കുകൂട്ടുന്നു.
ആണവായുധം നിർമിക്കാൻ ഇറാൻ ലക്ഷ്യമിടുന്നു എന്ന് ആരോപിച്ചാണ് അമേരിക്കയും ഇസ്രയേലും നിലവിൽ ആക്രമണങ്ങൾ തുടരുന്നത്. എന്നാൽ, തങ്ങൾക്ക് അത്തരം ഉദ്ദേശ്യങ്ങളില്ലെന്ന് ഇറാൻ ആവർത്തിച്ചിട്ടുണ്ട്. അതേസമയം, അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം തങ്ങളുടെ കൈവശമുള്ള യുറേനിയം ശേഖരത്തെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ യാതൊരു വിവരവും ഇറാൻ പുറത്തുവിട്ടിട്ടില്ല എന്നത് അമേരിക്കയുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Content Highlights: IAEA lacks clarity on the operational status of the Isfahan underground nuclear facility., Iran holds over 440kg of 60% enriched uranium, enough for roughly 10 nuclear weapons., Concerns remain over potential damage from recent strikes and Iran's refusal to allow inspections., Iran denies intent to build nuclear weapons despite international accusations.