ഇസ്രയേലിനോടുള്ള പ്രതികാരം പൂര്‍ത്തിയാക്കിയിട്ടല്ലാതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യ അശാന്തമാക്കി ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം നാലാംദിനവും രൂക്ഷമായി തുടരുകയാണ്. യുദ്ധം നീണ്ടുപോകാനുള്ള സാധ്യതകളാണ് ഇരുരാജ്യങ്ങളുടെയും പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. ഇസ്രയേലിനെതിരെയുള്ള പ്രതികാരം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തില്ലെന്ന് വിവിധ രാജ്യങ്ങളിലെ ഇറാന്‍ നയതന്ത്രജ്ഞര്‍ പ്രതികരിച്ചു. ഒമാന്‍, ഖത്തര്‍ തുടങ്ങിയ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന രാജ്യങ്ങളെ ഇറാന്‍ ഇക്കാര്യം അറിയിച്ചതായി നയതന്ത്രജ്ഞരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇറാന്റെ പ്രതികാരം എന്ന് പൂര്‍ത്തിയാകുമെന്ന് നയതന്ത്രജ്ഞര്‍ അറിയിച്ചിട്ടില്ല.
അമേരിക്കയുമായി കഴിഞ്ഞ ദിവസം നടക്കേണ്ട ആണവ ചര്‍ച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ റദ്ദാക്കിയിരുന്നു. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇറാന്‍ സായുധസേന തയ്യാറല്ലെന്നാണ് ഇന്ന് ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് പ്രസ്താവന നടത്തിയത്.
'സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളുടെ പിന്നിലുള്ളവര്‍ക്കും അതിനായി പ്രേരിപ്പിച്ചവര്‍ക്കും വലിയ ഭയവും ശിക്ഷയും ലഭിക്കുന്നത് വരെ ഇറാന്റെ സൈനിക നടപടി തുടരും. അവര്‍ക്ക് ഖേദിക്കേണ്ടിയും വരും' ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു.
ഇറാനിയന്‍ സേന ശത്രുവിന് നരകം കാണിക്കുമെന്നും ലോകം അവരുടെ ദുരിതത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തിമ വിജയം ഉറപ്പാണെങ്കിലും, ഈ പാതയ്ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ ആക്രമണത്തില്‍ യുഎസിന് പങ്കുണ്ടെന്ന് ഇറാന്‍ ഇന്നും ആരോപിച്ചു. അമേരിക്കയുടെ ഏകോപനവും സഹകരണവും ഇല്ലാതെ ഇസ്രയേല്‍ ഭരണകൂടം ഇത്തരത്തിലൊരു ആക്രമണത്തിന് ഇറങ്ങില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഖായ് പറഞ്ഞു.
'ഇറാനെതിരായ ഈ ആക്രമണത്തിന്റെ ഭാഗമാണ് അമേരിക്കന്‍ നയനിര്‍മ്മാതാക്കളും യു.എസ്. സര്‍ക്കാരും. ഏതെങ്കിലും തരത്തില്‍ ഇസ്രായേലിന്റെ ആക്രമണത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്നും, അത് ഇറാനികളുടെയും മേഖലയിലെ ജനങ്ങളുടെയും ഓര്‍മ്മയില്‍ നിലനില്‍ക്കും. സയണിസ്റ്റ് ഭരണകൂടത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ ആഗോള സമാധാനത്തെ അപകടകരമായ സാഹചര്യത്തില്‍ ആക്കിയിരിക്കുന്നു' ഇറാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.
ഇതിനിടെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയും പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആഹ്വാനം ചെയ്തിട്ടുണ്ട്. ടെഹ്‌റാന്റെ വ്യോമപരിധി തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. 'നമ്മള്‍ വിജയത്തിലേക്കുള്ള പാത'യിലാണെന്നും നെതന്യാഹു പറയുകയുണ്ടായി. ഇസ്രയേലി വ്യോമത്താവളം സന്ദര്‍ശിച്ച ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.
'നമ്മള്‍ രണ്ട് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലാണ്. ഒന്ന് ആണവ ഭീഷണി ഇല്ലാതാക്കല്‍, മറ്റൊന്ന് മിസൈല്‍ ഭീഷണി ഇല്ലാതാക്കല്‍' അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ സാധരണക്കാരെ ലക്ഷ്യമിടുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Iran rules out negotiations with US until it completes retaliation against Israel, regional diplomat