ബാരൻ ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയോ? നെതന്യാഹു കെട്ടിച്ചമച്ച നുണകളെന്ന് ഇറാൻ സുരക്ഷാ തലവൻ

മൊഹ്‌സെൻ റെസായീ, ബാരൻ ട്രംപ് | Photo: Getty Images
മൊഹ്‌സെൻ റെസായീ, ബാരൻ ട്രംപ് | Photo: Getty Images

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ മകൻ ബാരൻ ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നു എന്ന ആരോപണം തള്ളി ഇറാന്റെ സുരക്ഷാ തലവൻ മൊഹ്‌സെൻ റെസായീ. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കെട്ടിച്ചമച്ച കഥയാണിതെന്നും ട്രംപിനെ ഭയപ്പെടുത്താനാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചതെന്നും റെസായീ ലെബനനിലെ അൽ മനാർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാൻ ഒരു വധശ്രമത്തിന് തീരുമാനിച്ചാൽ അതിൽനിന്ന് തങ്ങളെ തടയാൻ ഒന്നിനും കഴിയില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, ഈ റിപ്പോർട്ടുകളെല്ലാം നെതന്യാഹു കെട്ടിച്ചമച്ച നുണകൾ മാത്രമാണെന്നും പറഞ്ഞു.

തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ ഡൊണാൾഡ് ട്രംപ് തന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ നിന്നും ചെറിയൊരു സൈനിക വിമാനത്തിലേക്ക് മാറിയിരുന്നു. ഇറാന്റെ വധഭീഷണിയുണ്ടെന്ന് നെതന്യാഹു നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഭയന്നുപോയ ട്രംപ്, രക്ഷപ്പെടാനായി ഒരു 'ഭക്ഷണ ട്രക്കിൽ' ഒളിച്ചിരുന്ന് സാധാരണ തൊഴിലാളികളെപ്പോലെയാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും ഇറാന്റെ സുരക്ഷാ തലവൻ പരിഹസിച്ചു.

തുർക്കിയിലെ വിമാന മാറ്റത്തിന് മുൻപ് തന്നെ, ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിൽ നിന്ന് അമേരിക്കയ്ക്ക് പലതവണ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. താൻ ഇറാന്റെ വധപ്പട്ടികയിൽ ഒന്നാമനാണെന്ന് ട്രംപും മുൻപ് പ്രസ്താവന നടത്തിയിട്ടുണ്ട്.

Content Highlights: Iran's Mohsen Rezaei denies a plot to assassinate Barron Trump, blaming Benjamin Netanyahu for fabricating lies.