ഗൾഫിലെ US സൈനികരെ കണ്ടെത്താൻ ഇറാൻ ഡാറ്റാ റോമിങ്ങും ആഡ് ടെക്കും ഉപയോഗിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികരെയും കരാറുകാരെയും നിരീക്ഷിക്കാൻ ഇറാൻ അത്യാധുനിക സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ചതായി റിപ്പോർട്ട്. മേഖലയിലെ യു.എസ്. ഉദ്യോഗസ്ഥരുടെയടക്കം ഫോണുകൾ ട്രാക്ക് ചെയ്യാൻ ഇറാനിയൻ ഹാക്കർമാർ പശ്ചിമേഷ്യയിലെ കാലഹരണപ്പെട്ട ടെലികോം അടിസ്ഥാന സൗകര്യങ്ങളിലെ പിഴവുകൾ ചൂഷണം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ്എസ്7 (SS7) സിഗ്നലുകൾ വഴിയാണ് വ്യക്തികളുടെ ഫോൺ ലൊക്കേഷൻ ഇറാനിയൻ ഹാക്കർമാർ ചോർത്തിയതെന്നാണ് വിവരം.
ഡിജിറ്റൽ പരസ്യങ്ങളുമായി ബന്ധപ്പെട്ട ലൊക്കേഷൻ ഡാറ്റയും സൈനികരുടെ നീക്കങ്ങൾ പിന്തുടരാൻ ഉപയോഗിക്കപ്പെട്ടതായി പറയപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന ഈ നീക്കത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ യു.എസ്. സെനറ്റർമാർ പുതിയ നിയമനിർമ്മാണത്തിന് ശുപാർശ ചെയ്തു. സേനയെ സംരക്ഷിക്കാൻ വിപുലമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചത്.
ഒരേസമയം സാങ്കേതികവും നയതന്ത്രപരവുമായ വെല്ലുവിളികൾ ഉയർത്തുന്ന പ്രധാന സൈബർ സുരക്ഷാ പ്രശ്‌നമാണ് ഇതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മൊബൈൽ ചാരവൃത്തി പഠിക്കുന്ന ഗവേഷണ സംരംഭമായ മൊബൈൽ സർവൈലൻസ് മോണിറ്റർ പറയുന്നത് പ്രകാരം, ഹോം നെറ്റ്‌വർക്കുകൾക്ക് പുറത്ത് റോമിങ്ങിലുള്ള നിർദ്ദിഷ്ട ഫോണുകളുടെ ലൊക്കേഷൻ കണ്ടെത്താനായി മിഡിൽ ഈസ്റ്റേൺ ടെലികോം നെറ്റ്‌വർക്കുകളിലേക്ക് നിരവധി അപേക്ഷകൾ വന്നുകൊണ്ടിരിക്കുകയാണ്.
ഈ ഡാറ്റ ഒരു 'സംയോജിത ആക്രമണ ക്യാമ്പയിന്റെ' സൂചനയാണെന്ന് ഈ സന്നദ്ധ സംഘടനയുടെ സ്ഥാപകനും സൈബർ സുരക്ഷാ ഗവേഷകനുമായ ഗാരി മില്ലറിനെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി അവസാനത്തിൽ ആരംഭിച്ച് സംഘർഷത്തിന്റെ ആദ്യദിവസങ്ങളിൽ വരെ തുടർന്ന ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സൈബർ ആക്രമണങ്ങൾ നടന്നത്. ഈ സമയത്ത് മേഖലയിലെ യു.എസ്. സൈനിക താവളങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടി നൽകിയിരുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷത്തിന്റെ ഭാഗമായി ബഹ്റൈൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലകളിൽ പതിനായിരക്കണക്കിന് യുഎസ് സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്. മില്ലറുടെ അഭിപ്രായത്തിൽ, ഈ ഭൂപ്രദേശങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിൽ SS7 പിങ്ങുകൾ (SS7 pings) എന്ന് വിളിക്കപ്പെടുന്ന, വിവരങ്ങൾക്കായുള്ള നിരവധി അപേക്ഷകളാണ് വന്നുകൊണ്ടിരുന്നത്.
ഒരു ടാർഗെറ്റ് ഫോൺ കണ്ടെത്താനോ അത് സജീവമാണോ അല്ലെങ്കിൽ റോമിങ്ങിലാണോ എന്ന് സ്ഥിരീകരിക്കാനോ ആഗോള ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് വഴി അയയ്ക്കുന്ന നിശബ്ദമായ അന്വേഷണമാണ് SS7 p-insg. ലോക്കൽ ഫോൺ ദാതാക്കളുമായുള്ള റോമിങ് കരാറുകൾ ഉപയോഗിച്ച് ഇറാനോ അവരുടെ സഖ്യകക്ഷികളോ യു.എസ്. ഉദ്യോഗസ്ഥരെ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ ചൂഷണം ചെയ്യുകയാണെന്ന് ഗൾഫിലെ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
'തത്സമയവും ഉടനടിയുള്ളതും തുടർച്ചയായതുമായ ലൊക്കേഷൻ വിവരങ്ങൾ നേടാനുള്ള കഴിവ് ഇറാന് തീർച്ചയായും ഉണ്ട്. യു.എസ്. ഉപയോക്താക്കളെ ട്രാക്ക് ചെയ്യാൻ ഇറാൻ SS7, അല്ലെങ്കിൽ മേഖലയിലെ മൊബൈൽ നെറ്റ്‌വർക്ക് ആക്‌സസ് ഉപയോഗിക്കുന്നില്ലെങ്കിലാണ് അത്ഭുതം.' മില്ലർ പറഞ്ഞു. ബ്ലോക്ക് ചെയ്യപ്പെട്ട ട്രാക്കിങ് ശ്രമങ്ങളിൽ ചിലതെങ്കിലും ഒരു ഇറാനിയൻ മൊബൈൽ ഫോൺ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുദ്ധസമയത്ത്, മേഖലയിലെ സായുധ സംഘങ്ങളുടെ പിന്തുണയോടെ, ഇറാഖിലെയും യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ താവളമായ ബഹ്റൈനിലെയും ഹോട്ടലുകൾക്കും പശ്ചിമേഷ്യയിലെ മറ്റ് പ്രദേശങ്ങൾക്കും നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്കും ഈ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.
'ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താൻ ഇറാൻ ഫോൺ നെറ്റ്‌വർക്ക് സിഗ്നലുകൾ ഉപയോഗിക്കുന്നത് അവരുടെ സൈബർ യുദ്ധശേഷിയിലെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് എന്നാണ്. ഇത് ഇറാന്റെ മിസൈൽ പരിധിയിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥർക്ക് വലിയ അപകടമുണ്ടാക്കുന്നു.' ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കവെ, സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ സൈബർ സുരക്ഷാ ഗവേഷകയായ നികിത ഷാ അഭിപ്രായപ്പെട്ടു.
സ്മാർട്ട്ഫോണുകൾക്ക് നിർമ്മാതാക്കൾ നൽകുന്ന പരസ്യത്തിനുള്ള ഐഡികൾ (Advertising IDs) വർഷങ്ങളായി ഒരു പ്രത്യേക ഫോണിന്റെയോ അല്ലെങ്കിൽ ഒരു കൂട്ടം ഉപകരണങ്ങളുടെയോ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്നുണ്ട്. അമേരിക്കയും നിരീക്ഷണത്തിനായി ഇത്തരം പരസ്യ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്നാൽ ശത്രുക്കൾ അമേരിക്കൻ ഉദ്യോഗസ്ഥരെ പിന്തുടരുന്നത് അമേരിക്കൻ നിയമനിർമ്മാതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സ്മാർട്ട്ഫോൺ പരസ്യ സാങ്കേതികവിദ്യ സൈന്യത്തെ ആക്രമണങ്ങൾക്ക് വിധേയമാക്കുന്നു എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാൻ ശത്രുക്കൾ വാണിജ്യപരമായ ലൊക്കേഷൻ ഡാറ്റ ഉപയോഗിക്കുന്നത് ഇതാദ്യമായിരിക്കും എന്നാണ് ഒറിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററായ റോൺ വൈഡൻ നിരീക്ഷിച്ചത്.
യുഎസ് സർക്കാർ ജീവനക്കാരുടെ 'ഡിജിറ്റലൈസ്ഡ് ഫുട്പ്രിന്റ്' (digitalised footprint) കമ്പനികൾ വിൽക്കുന്നത് തടയാൻ നിയമനിർമ്മാണം നിർദ്ദേശിക്കുന്നതായി നോർത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ നിയമനിർമ്മാതാവ് പാറ്റ് ഹാരിഗൻ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. യുഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനോ ലക്ഷ്യമിടാനോ ശത്രുക്കൾ വാണിജ്യ ലൊക്കേഷൻ ഡാറ്റ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഒന്നിലധികം ഭീഷണി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ഏപ്രിലിൽ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കോൺഗ്രസിനെ അറിയിച്ചിരുന്നു.
Content Highlights: Iranian hackers used SS7 pings to locate US military personnel in the Middle East. The tracking occurred during the 2026 US-Israeli conflict with Iran. Exploitation of commercial ad tech and roaming agreements poses a major national security threat. US lawmakers are proposing legislation to restrict the sale of digital footprints of government employees. CENTCOM has implemented force-protection measures in response to these surveillance threats.