ഇന്ത്യയെ അന്ന് ഭീഷണിപ്പെടുത്തി, ഇന്ന് കെഞ്ചുന്നു; US-ന്റെ റഷ്യൻ എണ്ണ ഇരട്ടത്താപ്പിനെ പരിഹസിച്ച് ഇറാൻ

#ന്യൂസ് ഡെസ്ക്ക്
അബ്ബാസ് അരാഗ്ചി
അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധികൾക്കിടെ അമേരിക്കയുടെ നിലപാടുകളെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തടയാൻ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ യു.എസ്., ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്ന് അരാഗ്ചി ആരോപിച്ചു. എക്‌സിലൂടെയായിരുന്നു ഇറാന്റെ പ്രതികരണം.

'ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ മാസങ്ങളോളം യുഎസ് സമ്മർദം ചെലുത്തി. എന്നാൽ, ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്. റഷ്യയ്ക്കെതിരേ യു.എസ്. പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്'-അരാഗ്ചി എക്‌സിൽ കുറിച്ചു.

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണവില വർധിക്കുകയും വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇത് നിയന്ത്രിക്കാനായി, ഉപരോധം ഏർപ്പെടുത്തിയിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾക്ക് അമേരിക്ക താത്കാലിക ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ വിമർശനം. എണ്ണവില വർധിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നു എന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അരാഗ്ചിയുടെ പോസ്റ്റ്.

മേഖലയിൽ യുദ്ധം നടക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്രയ്ക്ക് ഇറാൻ തടസ്സം നിൽക്കില്ല. ഇന്ത്യയിലേക്കുള്ള രണ്ട് എൽ.പി.ജി കപ്പലുകൾക്ക് ഇറാൻ സുരക്ഷിത പാത ഒരുക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി.

Content Highlights: Abbas Araghchi criticizes the US for reversing its stance on Russian oil imports