ഇറാനിലേക്ക് ആയുധങ്ങളും ഡ്രോണുകളും കടത്തി, ആളെ ഒരുക്കിനിർത്തി; മൊസാദ് 'റൈസിങ് ലയൺ' നടപ്പാക്കിയതിങ്ങനെ

ഇറാനിലെ ഇസ്രയേല്‍ ആക്രമണം പത്തുദിവസം പിന്നിട്ടതിനു പിന്നാലെ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ടുരാജ്യങ്ങളും. വിഷയത്തിൽ അമേരിക്ക ഇടപെടുകയും ഇറാനിൽ വ്യോമാക്രമണം നടത്തുകയും ചെയ്തതോടെ സംഘർഷം മേഖലയിലാകെ അശാന്തി വിതയ്ക്കുന്നതായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് വെടിനിര്‍ത്തലുണ്ടായത്. കരാറിനുശേഷവും ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു.
ജൂൺ 13-ന് ഇറാനില്‍ക്കയറി ഇസ്രയേല്‍ ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും നടത്തിയ ബോംബുവര്‍ഷമാണ് പിന്നീടിങ്ങോട്ടുണ്ടായ സംഘര്‍ഷങ്ങൾക്കെല്ലാം തുടക്കംകുറിച്ചത്. ഇറാന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളെയെല്ലാം മറികടന്ന് ഇസ്രയേലിനെങ്ങനെയാണ് ഇത് കൃത്യമായി നടപ്പിലാക്കാനായതെന്ന വലിയ ചോദ്യം അന്നുതന്നെ ഉയർന്നിരുന്നു.
ഇറാന്റെ കൗണ്ടര്‍ മൊസാദ് യൂണിറ്റിന്റെ തലവന്‍തന്നെ ഒരു ഇസ്രയേലി ഏജന്റായിരുന്നെന്ന് 2021-ല്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നജാദ് തന്നെ പറഞ്ഞിരുന്നു. ജൂണ്‍ 13-ന് ഇസ്രയേല്‍ നടത്തിയ ആക്രമണം പെട്ടെന്നുണ്ടായതായിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും മൊസാദിന്‍റെയുമെല്ലാം വർഷങ്ങൾ നീണ്ട പ്രവർത്തനവും ആസൂത്രണവും ഇതിനു പിന്നിലുണ്ടായിരുന്നെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ പറയുമ്പോൾ നജാദിന്റെ ആ വാക്കുകള്‍ക്ക് പുതിയ അർഥങ്ങൾ ലഭിക്കുന്നു. കോടിക്കണക്കിന് തുകയാണ് ഇതിനായി ഇസ്രയേൽ ചെലവഴിച്ചതെന്ന് 'ദി ഇക്കണോമിസ്റ്റ്' ചൂണ്ടിക്കാട്ടുന്നതും ഇവിടെ ഓർക്കാം.
ഖ്യാതി വീണ്ടെടുക്കാൻ മൊസാദിന്‍റെ ശ്രമം
ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനോളം കാര്യശേഷിയുള്ള ചാരസംഘടന ലോകത്ത് വേറെയില്ലെന്നാണ് വെപ്പ്. അങ്ങനെയുള്ള ശക്തമായ സംവിധാനം ഇസ്രയേലിനുണ്ടെന്ന അഹന്തയ്ക്കുമേലാണ് കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ആണിയടിച്ചത്. പലസ്തീന്‍ സായുധ സംഘടന നടത്തിയ രഹസ്യ ഓപ്പറേഷന്‍ മണത്തറിയാന്‍ മൊസാദിനായില്ല. ആയിരത്തിലധികം പേരെ കൊന്നൊടുക്കിയും 250-ലധികം പേരെ ബന്ദികളാക്കിയുമാണ് ഹമാസ് സംഘം ഇസ്രയേല്‍ അതിര്‍ത്തിയില്‍നിന്ന് തിരികെപ്പോന്നത്. ഇത് മൊസാദിനുണ്ടാക്കിയ നാണക്കേട് ചെറുതായിരുന്നില്ല. വ്യോമപ്രതിരോധത്തിന്റെ അവസാന വാക്കെന്ന ഇസ്രയേലിന്റെ വീമ്പുപറച്ചിലിനും അത് അറുതിവരുത്തി.
അങ്ങനെ ലോകത്തിനു മുന്‍പില്‍ നാണംകെട്ട മൊസാദിന്, ആ അപഖ്യാതി മറികടക്കാന്‍ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ഉപകാരപ്പെട്ടു എന്നു പറയാം. കൃത്യമായ ആസൂത്രണത്തോടെ, ഒരു പിഴവും വരുത്താതെ ഇസ്രയേല്‍ ടെഹ്‌റാനില്‍ നടത്തിയ ആക്രമണം മൊസാദിന്റെകൂടി വിജയമായിരുന്നു. ദശാബ്ദങ്ങളായി ഇസ്രയേല്‍ ഇറാനില്‍ അതിവിപുലമായ ഒരു ചാരശൃംഖല കെട്ടിപ്പടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. മൊസാദിന്റെ ചാരന്മാര്‍ രാജ്യത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇറാനുള്ളിൽ ഇസ്രയേലിന്‍റെ ലോഞ്ച് ബേസ്!
മൊസാദിന്‍റെ ഏജന്‍റുമാർ ഇറാനില്‍ ഒരു ലോഞ്ച് ബേസ് സ്ഥാപിച്ചിട്ടുണ്ടെന്നും ടെഹ്‌റാനിനടുത്ത് മിസൈല്‍ ലോഞ്ചറുകള്‍ ആക്രമിക്കാന്‍ സ്‌ഫോടകവസ്തുക്കൾ വഹിക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇസ്രയേലി ഉദ്യോഗസ്ഥര്‍ പറയുന്നു. ടെഹ്‌റാനടുത്തുള്ള രഹസ്യതാവളത്തില്‍നിന്ന് മൊസാദ് ചാരന്മാര്‍ വിക്ഷേപിച്ച ഡ്രോണുകളാണ് ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതെന്നും പറയപ്പെടുന്നു. മൊസാദും ഇസ്രയേല്‍ സൈന്യവും കഴിഞ്ഞ മൂന്നുവര്‍ഷമായി തയ്യാറെടുത്ത് നടപ്പാക്കിയതാണ് 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മാസങ്ങൾ നീണ്ട പദ്ധതിയിലൂടെ സ്യൂട്ട്‌കേസുകളിലും ട്രക്കുകളിലും ഷിപ്പിങ് കണ്ടെയ്‌നറുകളിലും സ്‌ഫോടകവസ്തുക്കള്‍ ഇറാനിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്തതോ വീഡിയോഗ്രഫിക്ക് വേണ്ടി ഉപയോഗിക്കുന്നതെന്ന് തോന്നിക്കുന്നതോ ആയ ക്വാഡ്‌കോപ്റ്ററുകളിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചത്. തുടര്‍ന്ന് ഇവ ഇറാനിലേക്ക് തന്ത്രപരമായി കടത്തി. ആളില്ലാ പ്ലാറ്റ്‌ഫോകുളില്‍നിന്ന് വിക്ഷേപിക്കാന്‍ രൂപകല്പന ചെയ്ത ആയുധങ്ങളും ഇസ്രയേലി പ്രവര്‍ത്തകര്‍ ഇറിനിലേക്ക് കടത്തിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
വളരെ രഹസ്യാത്മകമായും തന്ത്രപരമായും തന്നെയായിരുന്നു ഇസ്രയേലിന്‍റെ ഡ്രോൺ ഓപ്പറേഷനും. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ തയ്യാറാക്കിനിർത്തിയിരുന്ന സംഘങ്ങൾ വിവിധ ദൗത്യങ്ങള്‍ നടപ്പാക്കി. ചിലർ ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കി. മറ്റുചിലര്‍ മിസൈല്‍ ലോഞ്ചറുകള്‍ ആക്രമിച്ചു. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, വളരെ അടുത്തുനിന്ന് ആക്രമിക്കാന്‍ പാകത്തില്‍ കൃത്യമായ ആയുധങ്ങള്‍ മൊസാദ് ഏജന്റുമാര്‍ ഇറാനിലേക്ക് കടത്തിയിരുന്നു. ഇറാന്‍ മിസൈല്‍ കേന്ദ്രങ്ങള്‍ക്കു സമീപംവരെ മൊസാദ് ഏജന്റുമാര്‍ ആയുധങ്ങള്‍ സ്ഥാപിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാനില്‍ മൊസാദ് ചാരന്മാരായി തദ്ദേശീയര്‍തന്നെ ഒരുപാടുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഐയും സഹായിച്ചു
ഇറാനിലെ സൈനികതാവളങ്ങള്‍, ആണവകേന്ദ്രങ്ങള്‍, ആണവ ലക്ഷ്യങ്ങള്‍ എന്നിവ തിരിച്ചറിയാനായി ഡേറ്റയും ഉപഗ്രഹചിത്രങ്ങളും വിശകലനംചെയ്യാന്‍ ഇറാന്‍ നിർമിതബുദ്ധി (എഐ) ഉപയോഗിച്ചിരുന്നു. എഐ സംവിധാനം ഫലപ്രദമായി പ്രയോജനപ്പെടുത്തിയാണ് ആക്രമണത്തിന്റെ ഇടം നിശ്ചയിച്ചതെന്ന് ഇസ്രയേല്‍ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥന്‍ എ.പി.യോട് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ശ്രമം ആരംഭിച്ചിരുന്നെന്നും പറയപ്പെടുന്നു. ഇതിനായി യുഎസ് നിര്‍മിത എഐ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി.
ഒന്നും ഇറാന്‍ അറിഞ്ഞതേയില്ല?
ജൂണ്‍-13 ആക്രമണത്തിനു പിന്നാലെ ഇറാന്‍ ഒട്ടേറെ മൊസാദ് ഏജന്‍റുമാരെ അറസ്റ്റ് ചെയ്യുകയും ചിലരെ വധിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ ഉദ്യോഗസ്ഥരുടെ രഹസ്യാത്മകമായ ആശയവിനിമയങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു ഘട്ടത്തില്‍ വാട്‌സാപ്പ് ഇസ്രയേലിന് ഡേറ്റകള്‍ ചോര്‍ത്തിനല്‍കുന്നുവെന്ന് വരെ ഇറാന്‍ ആരോപിച്ചിരുന്നു.
മൊസാദ് നമ്മുടെ സ്വന്തം ചെവികളെക്കാള്‍ നമ്മോട് അടുത്താണെന്ന് 2020-ല്‍ ഇറാനിയന്‍ ഇന്റലിജന്‍സ് മന്ത്രി അലി യൂനെസി പറഞ്ഞിട്ടുണ്ട്. അതിനാല്‍ രാജ്യത്തെ മൊസാദിന്‍റെ പ്രവർത്തനം പരമാവധി തടയാൻ ഇറാന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നു. അത് പക്ഷേ, പലപ്പോഴും പൂര്‍ണാര്‍ഥത്തില്‍ വിജയിച്ചില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
Content Highlights: Inside Story of Israel's Successful Iranian Strike