കള്ളക്കേസിൽ കുടുക്കി റഷ്യൻസേനയിൽ ചേർത്തു, മോചിപ്പിക്കണം; യുക്രൈനിന്‍റെ തടവിലായ ഇന്ത്യൻ വിദ്യാർഥി

#ന്യൂസ് ഡെസ്ക്
സഹീൽ മുഹമ്മദ് ഹുസൈൻ | Screengrab : X Video
സഹീൽ മുഹമ്മദ് ഹുസൈൻ | Screengrab : X Video

ന്യൂഡൽഹി: വിദ്യാർഥി വിസയിൽ റഷ്യയിലെത്തിയ താൻ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ നിർബന്ധിതനായതെന്ന് പരാതിയുമായി ഗുജറാത്ത് സ്വദേശി. റഷ്യൻ സൈന്യത്തിൽ ഒരു കാരണവശാലും ചേരരുതെന്നും വീഡിയോ സന്ദേശത്തിലൂടെ യുവാവ് അഭ്യർഥിച്ചു. കള്ളക്കേസിന്റെ പേരിൽ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് സേനയിൽ ചേർന്നതെന്നും യുവാവ് പറയുന്നു. യുക്രൈൻ സൈന്യം തടവിലാക്കിയ ശേഷമാണ് വിദ്യാർഥിയായ സഹീൽ മുഹമ്മദ് ഹുസൈൻ ഈ അഭ്യർഥന നടത്തിയത്.

ഗുജറാത്തിലെ മോർബിയിൽ നിന്നുള്ള സഹീൽ മുഹമ്മദ് ഹുസൈൻ, നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാരിനോട് സഹായം അഭ്യർഥിച്ചു. റഷ്യയിൽ പഠിക്കുമ്പോൾ ഒരു കൊറിയർ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നതായും യുക്രൈൻ അധികൃതർ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. റഷ്യയിലെ പോലീസ് കള്ളക്കേസിൽ തന്നെ കുടുക്കിയെന്നും റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണെങ്കിൽ കേസ് പിൻവലിക്കാമെന്ന് വാഗ്ദാനം ചെയ്തതായും യുവാവ് പറഞ്ഞു.

"പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ അടുത്തിടെ ഇന്ത്യ സന്ദർശിച്ചു. എൻ്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പുതിനോട് സംസാരിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുകയാണ്", സഹീൽ പറഞ്ഞു. മറ്റൊരു വീഡിയോയിൽ, കള്ളക്കേസിൽ നിന്ന് രക്ഷനേടാനാണ് താൻ റഷ്യൻ വാഗ്ദാനം സ്വീകരിച്ചതെന്നും യുവാവ് കൂട്ടിച്ചേർത്തു. 15 ദിവസത്തെ പരിശീലനത്തിന് ശേഷം റഷ്യക്കാർ തന്നെ മുൻനിരയിലേക്ക് അയച്ചെന്നും സഹീൽ പറഞ്ഞു.

മുൻനിരയിലെത്തിയ ഉടനെ പറഞ്ഞതനുസരിച്ച് താൻ യുക്രൈൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതാണ് ആദ്യം ചെയ്തതെന്നും യുക്രൈൻ സൈന്യം ഈ വീഡിയോകൾ ഗുജറാത്തിലെ തൻ്റെ അമ്മയ്ക്ക് അയക്കുകയും റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ വിദേശികളെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നുമാണ് യുവാവ് പറയുന്നത്. തൻ്റെ മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹീലിന്റെ മാതാവ് ഡൽഹിയിലെ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. അടുത്ത വാദം ഫെബ്രുവരിയിലാണ്.

"ഞാൻ 2024 ൽ പഠനത്തിനായി റഷ്യയിലേക്ക് വന്നു. എന്നാൽ സാമ്പത്തികവും വിസ സംബന്ധവുമായ പ്രശ്നങ്ങൾ കാരണം, നാർക്കോട്ടിക്സിൽ ഉൾപ്പെട്ട ചില റഷ്യക്കാരെ ഞാൻ ബന്ധപ്പെട്ടു... ഞാൻ ഒന്നും ചെയ്തിട്ടില്ല. കുറഞ്ഞത് 700 പേരെയെങ്കിലും റഷ്യ കള്ളക്കേസിൽ ജയിലിലാക്കിയിട്ടുണ്ട്", ഒലിവ് ഗ്രീൻ ജാക്കറ്റ് ധരിച്ച സഹീൽ വീഡിയോയിൽ പറഞ്ഞു. "എന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാൽ റഷ്യയിലേക്ക് വരുന്ന യുവാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്, 'ശ്രദ്ധിക്കുക'. ഇവിടെ നിരവധി തട്ടിപ്പുകാരുണ്ട്, അവർക്ക് നിങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കഴിയും," യുവാവ് പറഞ്ഞു. "ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യർഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി സഹായിക്കൂ," യുവാവ് കൂട്ടിച്ചേർത്തു.

ഡിസംബർ 5 ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി, റഷ്യൻ സായുധ സേനയിൽ ചേർന്ന തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും കൂടുതൽ റിക്രൂട്ട്മെൻ്റ് തടയാൻ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടതായി പറഞ്ഞു.

പുതിനുമായുള്ള കൂടിക്കാഴ്ചയിൽ മോദി ഈ വിഷയം ഉന്നയിച്ചെന്നും റഷ്യൻ പ്രസിഡൻ്റ് പുതിൻ്റെ ഔദ്യോഗിക സന്ദർശനത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വാർത്താ സമ്മേളനത്തിൽ മിസ്റി പറഞ്ഞു. റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ഓഫറുകൾ സ്വീകരിക്കുന്നതിനെതിരെ അദ്ദേഹം ഇന്ത്യൻ പൗരർക്ക് മുന്നറിയിപ്പ് നൽകി. റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കുടുംബങ്ങൾ അവരുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി വരികയാണ്.

Content Highlights: Gujarat student Saahil Muhammad Hussain, stranded in Russia, claims forced enlistment in the Russian army. Seeks urgent Indian government intervention for safe return. Watch video plea.