ഇത് ഇരട്ടിമധുരം; വെര്ജീനിയയിലെ ലെഫ്. ഗവര്ണറായി ഇന്ത്യന് വംശജ ഗസാല ഹാഷ്മി; ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലിം

വാഷിങ്ടണ്: യുഎസിലെ മേയര്, ഗവര്ണര് തിരഞ്ഞെടുപ്പുകളില് ഇന്ത്യയ്ക്ക് ഇരട്ടിമധുരം. ന്യൂയോര്ക്ക് മേയറായി ഇന്ത്യന് വംശജനായ സൊഹ്റാന് മംദാനി തിരഞ്ഞെടുക്കപ്പെട്ടതിന് പുറമേയാണ് വെര്ജീനിയയിലും ഇന്ത്യന് വംശജയായ സ്ത്രീ തിരഞ്ഞെടുപ്പില് ജയിച്ചത്. ഇന്ത്യന് വംശജയും ഡെമക്രാറ്റിക് സ്ഥാനാര്ഥിയുമായ ഗസാല ഹാഷ്മിയാണ് വെര്ജീനിയയില് ലെഫ്. ഗവര്ണറായി തിരഞ്ഞെടുക്കപ്പെട്ടത്. വെര്ജീനിയയിലെ ആദ്യത്തെ മുസ്ലിം ലെഫ്. ഗവര്ണര്, ഈ പദവിയിലെത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യന് വംശജ എന്നീ നേട്ടങ്ങളും ഇനി ഗസാലയ്ക്ക് സ്വന്തം.
നിലവില് ഡെമക്രാറ്റിക് പാര്ട്ടിയുടെ സ്റ്റേറ്റ് സെനറ്ററാണ് ഗസാല ഹാഷ്മി. ലെഫ്. ഗവര്ണര് തിരഞ്ഞെടുപ്പില് റിപ്പബ്ലിക്കന് സ്ഥാനാര്ഥി ജോണ് റീഡിനെ പരാജയപ്പെടുത്തിയാണ് ആദ്യ മുസ്ലീം ഗവര്ണറായി ഗസാല ഹാഷ്മി ചരിത്രം കുറിച്ചത്.
2019-ലായിരുന്നു ഗസാല ഹാഷ്മിയുടെ രാഷ്ട്രീയപ്രവേശം. വെര്ജീനിയ ജനറല് അസംബ്ലി തിരഞ്ഞെടുപ്പില് റിപ്പബ്ലിക്കന് സ്ഥാനാര്ഥിയെ അട്ടിമറിച്ചാണ് 2019-ല് ഗസാല ശ്രദ്ധനേടിയത്. സിയ ഹാഷ്മിയുടെയും തന്വീര് ഹാഷ്മിയുടെയും മകളായി 1964-ല് ഹൈദരാബാദിലാണ് ഗസാല ഹാഷ്മിയുടെ ജനനം. നാലുവയസ്സുവരെ ഹൈദരാബാദിന് സമീപം മാലക്പേട്ടില് മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു ഗസാല ഹാഷ്മി കഴിഞ്ഞത്. നാലാംവയസ്സില് മാതാവിനൊപ്പം അമേരിക്കയിലെത്തി.
ഗസാലയുടെ പിതാവ് പ്രൊഫ. സിയ ഹാഷ്മി സൗത്ത് കരോലിന സര്വകലാശാലയിലെ സെന്റര് ഫോര് ഇന്റര്നാഷണല് സ്റ്റഡീസില്നിന്ന് ഡയറക്ടറായി വിരമിച്ചയാളാണ്. സൗത്ത് കരോലിന സര്വകലാശാലയില്നിന്ന് ഇന്റര്നാഷണല് റിലേഷന്സില് പിഎച്ച്ഡി പൂര്ത്തിയാക്കിയശേഷമാണ് അതേ സര്വകലാശാലയില് അദ്ദേഹം അധ്യാപകനായത്. അലിഗഢ് മുസ്ലിം സര്വകലാശാലയില്നിന്ന് എംഎയും എല്എല്ബിയും പൂര്ത്തിയാക്കിയശേഷമാണ് സിയ ഹാഷ്മി ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറിയത്. ഗസാലയുടെ മാതാവ് ഒസ്മാനിയ സര്വകലാശാലയില്നിന്ന് ബിഎയും ബിഎഡും പൂര്ത്തിയാക്കിയിട്ടുണ്ട്.
നാലാംവയസ്സില് യുഎസിലെത്തിയ ഗസാല ഹാഷ്മി ഹൈസ്കൂള് പഠനത്തിന് ശേഷം ജോര്ജിയ സതേണ് സര്വകലാശാലയില്നിന്ന് ബിഎ ഓണേഴ്സും അതിനുശേഷം അറ്റ്ലാന്റയിലെ എമോറി സര്വകലാശാലയില്നിന്ന് അമേരിക്കന് സാഹിത്യത്തില് പിഎച്ച്ഡിയും കരസ്ഥമാക്കി. ഇതിനുശേഷം റിച്ച്മോണ്ട് സര്വകലാശാലയിലും റെയ്നോള്ഡ്സ് കമ്മ്യൂണിറ്റി കോളേജിലുമായി 30 വര്ഷത്തോളം അധ്യാപികയായി പ്രവര്ത്തിച്ചു. റെയ്നോള്ഡ്സ് കമ്മ്യൂണിറ്റി കോളേജില് അധ്യാപികയായിരിക്കെ 'സെന്റര് ഫോര് എക്സലന്സ് ഇന് ടീച്ചിങ് ആന്ഡ് ലേണിങ്' സ്ഥാപിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. അസര് റഫീഖാണ് ഭര്ത്താവ്. യാസ്മിന്, നൂര് എന്നിവര് മക്കളാണ്.
Content Highlights: Indian-origin Ghazala Hashmi elected Lieutenant Governor of Virginia, marking historic wins for the community in US elections. Read more!