‘എനിക്ക് മറ്റൊരു വഴിയില്ല’; തൊഴില്‍ ഏജന്റ് തട്ടിപ്പില്‍ ഹൈദരാബാദ് സ്വദേശി റഷ്യന്‍ സൈന്യത്തില്‍

മുഹമ്മദ് അഹമ്മദ്
മുഹമ്മദ് അഹമ്മദ്

മുംബൈ: തൊഴില്‍ ഏജന്റിന്റെ വഞ്ചനയില്‍പെട്ട ഹൈദരാബാദ് സ്വദേശിയായ യുവാവ് റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കായി സൈനികസേവനം ചെയ്യാന്‍ നിര്‍ബന്ധിതനായി. നിര്‍മാണ ജോലിക്കായി റഷ്യയില്‍ എത്തിയ മുഹമ്മദ് അഹമ്മദിനാണ് ഒരു വര്‍ഷം റഷ്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കാനുള്ള കരാറില്‍ ഒപ്പിടേണ്ടി വന്നത്.

ബൗണ്‍സറായിരുന്ന മുപ്പത്തെട്ടുകാരനായ മുഹമ്മദ് അഹമ്മദ് ഇപ്പോള്‍ യുക്രൈയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യന്‍ സൈന്യത്തോടൊപ്പം ഉണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ലഭിച്ച സൈനിക രേഖകള്‍ സ്ഥിരീകരിക്കുന്നു.

സൈന്യത്തില്‍ ചേരുകയല്ലാതെ തനിക്ക് വേറെ വഴിയില്ലായിരുന്നുവെന്ന് ഇയാള്‍ കുടുംബത്തിന് അയച്ച വീഡിയോകളിലും ശബ്ദ സന്ദേശങ്ങളിലും പറയുന്നുണ്ട്. നിര്‍മ്മാണ ജോലി വാഗ്ദാനം ചെയ്ത് 2025 ഏപ്രിലിലാണ് ഇയാളെ റഷ്യയിലേക്ക് കൊണ്ടുപോയത്. 2025 ഒക്ടോബര്‍ 11-ന് ഒരു റഷ്യന്‍ മേജറുടെ സാന്നിധ്യത്തിലാണ് റഷ്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്.

'യുദ്ധം ചെയ്യാന്‍ എന്നെ യുക്രൈയ്ന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയാണ്. അവിടെ അപകടമാണ്. എനിക്ക് പോകാന്‍ ആഗ്രഹമില്ല,' അദ്ദേഹം ബന്ധുക്കളോട് പറഞ്ഞു. ഭര്‍ത്താവിനെ നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ അഫ്ഷാ ബീഗം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

Content Highlights: A Hyderabad man, lured to Russia for construction work, was forced to sign a contract with the Russian army and is now near the Ukraine border. His family seeks government help.