'ഇസ്രയേലിലുള്ളവർ രജിസ്റ്റർ ചെയ്യണം, ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് നിർദേശങ്ങളുമായി ഇന്ത്യൻ എംബസി

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ നിർദേശങ്ങൾ നൽകി ഇന്ത്യൻ എംബസി. എല്ലാ ഇന്ത്യൻ പൗരന്മാരും ടെൽ അവീവിലെ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും അയൽ രാജ്യങ്ങളായ ജോർദാനിലേക്കും ഈജിപ്തിലേക്കും കര അതിർത്തി കടക്കുന്നതിന് ശരിയായ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
ഇസ്രായേലിൽ ദേശീയ അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനാൽ, എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലി ഹോം ഫ്രണ്ട് കമാൻഡിന്റെ സുരക്ഷാ ഉപദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ജോർദാനിലേക്കും ഈജിപ്തിലേക്കുമുള്ള ഇ-വിസക്ക് അപേക്ഷിക്കാനുള്ള ലിങ്കുകളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര ഹെൽപ്പ് ലൈനുകളും എംബസി ആരംഭിച്ചിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് +972 54-7520711 അല്ലെങ്കിൽ +972 54-3278392 എന്ന നമ്പറിലോ cons1.telaviv@mea.gov.in എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Indian embassy issues fresh advisory for Indian nationals in Israel amid tensions with Iran