യുറേനിയം കിട്ടും; ഉസ്ബെക്കിസ്താനുമായി കരാറായി; വിസയില്ലാതെ ഇന്ത്യക്കാർക്ക് 30 ദിവസം തങ്ങാം

താഷ്കന്റ്: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്ബെക്കിസ്താനും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബെക്കിസ്താൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ താഷ്കന്റിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് യുറേനിയം കരാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇതിനുപുറമെ, നഗരങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനായി മൂന്ന് 'സിസ്റ്റർ സിറ്റി', 'സിസ്റ്റർ സ്റ്റേറ്റ്' കരാറുകൾക്കും ഇരുരാജ്യങ്ങളും അന്തിമരൂപം നൽകുന്നുണ്ട്. ഈ പങ്കാളിത്തങ്ങൾ വെറും ഒപ്പുവെച്ച രേഖകളായി അവശേഷിക്കരുതെന്നും അവ യഥാർത്ഥത്തിൽ നടപ്പിലാക്കാൻ കൃത്യമായ കർമ്മപദ്ധതി രൂപീകരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഇന്ത്യയെ തങ്ങളുടെ വിശ്വസ്ത തന്ത്രപ്രധാന പങ്കാളിയായാണ് കാണുന്നതെന്ന് ഉസ്ബെക്കിസ്താൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം 100 കോടി ഡോളർ കടന്നതായി അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങളുടെ എണ്ണം ഏതാനും വർഷങ്ങൾക്ക് മുൻപുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ ഏഴിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന പുതിയ വിസ പ്രഖ്യാപനവും ഉസ്ബെക്കിസ്താൻ നടത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് ഉസ്ബെക്കിസ്താനിൽ 30 ദിവസം വരെ തങ്ങുന്നതിന് ഇനി വിസ ആവശ്യമില്ലെന്ന് പ്രസിഡന്റ് മിർസിയോയേവ് അറിയിച്ചു. യാത്രകൾ കൂടുതൽ എളുപ്പമായിരിക്കുകയാണെന്നും ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് ഇപ്പോൾ ആഴ്ചയിൽ 14 നേരിട്ടുള്ള വിമാന സർവീസുകളുണ്ടെന്നും മിർസിയോയേവ് പറഞ്ഞു.