‘ഇന്ത്യാ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ’; മുൻ കരാറുകളിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ട്രംപ്

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് | Photo: PTI
നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ് | Photo: PTI

വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാർ അന്തിമഘട്ടത്തോടടുക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുൻപ് ഒപ്പുവെച്ച വ്യാപാരക്കരാറുകളിൽനിന്ന് ഏറെ വ്യത്യാസമുള്ള ഒന്നായിരിക്കും ഇതെന്നും ട്രംപ് സൂചിപ്പിച്ചു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രസ്താവന.

ഇന്ത്യ സന്ദർശിക്കുന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കരാർ ഉടൻ അന്തിമരൂപത്തിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന ചർച്ചകൾക്കൊടുവിലാണ് കരാർ പൂർത്തിയാകാൻ പോകുന്നത്. കുറച്ച് വിഷയങ്ങൾ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്നും അവ ഉടൻ പൂർത്തിയാക്കി ഇരുരാജ്യങ്ങൾക്കും വൈകാതെ കരാറിൽ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും റൂബിയോ അറിയിച്ചു.

നേരത്തെ, ഫെബ്രുവരി മാസത്തിൽ ഇരുരാജ്യങ്ങളും കരാറിന്റെ ഒന്നാം ഘട്ട ചട്ടക്കൂടിന് അംഗീകാരം നൽകിയിരുന്നെങ്കിലും യു.എസ്. താരിഫ് നയങ്ങളിലുണ്ടായ മാറ്റങ്ങൾ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് ജാമീസൺ ഗ്രീറുമായി മിൽവാക്കിയിലും വാഷിങ്ടണിലുംവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും അന്തിമ തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Content Highlights: India-US bilateral trade agreement is in its final stages., US President Donald Trump hinted that this deal will be significantly different from previous US trade agreements., US Secretary of State Marco Rubio confirmed that only a few issues remain to be resolved., Commerce Minister Piyush Goyal and US Trade Representative Jamieson Greer held crucial meetings to resolve tariff policy differences.