സാങ്കേതികവിദ്യാ കൈമാറ്റം, സൈനിക സഹകരണം; സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎസും

പ്രതിരോധ സഹകരണ ചട്ടക്കൂടില്‍ ഒപ്പുവെച്ചതിന് ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍| പീറ്റ് ഹെഗ്‌സെത്ത് എക്‌സില്‍ പങ്കുവെച്ച ചിത്രം
പ്രതിരോധ സഹകരണ ചട്ടക്കൂടില്‍ ഒപ്പുവെച്ചതിന് ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍| പീറ്റ് ഹെഗ്‌സെത്ത് എക്‌സില്‍ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും യു.എസും തമ്മില്‍ ദീര്‍ഘകാല പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാറില്‍ ഒപ്പുവെച്ചത്. വിവരങ്ങള്‍ പങ്കുവെയ്ക്കല്‍, സാങ്കേതിക സഹകരണം, ഏകോപനം എന്നിവയില്‍ സഹകരണം ഉറപ്പുവരുത്തുന്ന 10 വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ ചട്ടക്കൂടിനാണ് ഇരുവരും ഒപ്പുവച്ചത്. ക്വലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്.

ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഉറപ്പുവരുത്തല്‍, പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിര്‍മാണം, സാങ്കേതിക വിദ്യാ കൈമാറ്റം എന്നീ കാര്യങ്ങളും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. സൈനിക സഹകരണം ആഴത്തിലാക്കുകയും, പരസ്പരം താവളങ്ങള്‍, ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ എന്നിവ തടസ്സങ്ങളില്ലാതെ ഉപയോഗിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഡ്രോണുകളിലും എഐ അധിഷ്ഠിത യുദ്ധതന്ത്രങ്ങളിലുമുള്ള സംയുക്ത ഗവേഷണം, വികസനം എന്നിവയും ഉറപ്പുവരുത്തും. തദ്ദേശീയ പ്രതിരോധ ഉത്പാദനം, ആധുനികവല്‍ക്കരണം എന്നിവയ്ക്ക് നിര്‍ണായകമായ നൂതന പ്രതിരോധ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ കരാര്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം മുമ്പൊരിക്കലും ഇത്രത്തോളം ശക്തമായിരുന്നില്ലെന്ന് പീറ്റ് ഹെഗ്‌സെത്ത് പിന്നീട് ട്വീറ്റ് ചെയ്തു. '10 വര്‍ഷത്തെ യുഎസ്-ഇന്ത്യ പ്രതിരോധ ചട്ടക്കൂടില്‍ ഒപ്പുവെക്കുന്നതിനായി ഞാന്‍ ഇപ്പോള്‍ രാജ്‌നാഥ് സിങ്ങിനെ കണ്ടു. പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനും അടിത്തറയായ നമ്മുടെ പ്രതിരോധ പങ്കാളിത്തത്തെ ഇത് മുന്നോട്ട് കൊണ്ടുപോകും. ഞങ്ങള്‍ ഏകോപനം, വിവരങ്ങള്‍ പങ്കുവെക്കല്‍, സാങ്കേതിക സഹകരണം എന്നിവ വര്‍ധിപ്പിക്കുകയാണ്. നമ്മുടെ പ്രതിരോധ ബന്ധം മുമ്പൊരിക്കലും ഇത്ര ശക്തമായിരുന്നിട്ടില്ല,' അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു.

ഇന്‍ഡോ-പസഫിക് മേഖലയിലുടനീളം ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമായാണ് ഈ കരാറിനെ കാണുന്നത്. മാത്രമല്ല പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്ന ശക്തിയായും സമുദ്ര സഹകരണത്തിന് മുന്‍ഗണനയുള്ള പങ്കാളിയായും ഈ കരാറിലുടെ ഇന്ത്യ മാറുകയും ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പ്രതിരോധ കരാറെന്നതാണ് ശ്രദ്ധേയം.

Content Highlights: Explore the landmark India-US defense pact enhancing military interoperability, securing advanced tech, and strengthening Indo-Pacific security against China`s assertiveness.