യുക്രൈന് ഡീസൽ നൽകുന്നതിൽ ഇന്ത്യ ഒന്നാമത്; ട്രംപിന്റെ ആരോപണങ്ങൾ വെറുതെയായി

യുക്രെെൻ പ്രസിഡന്റ് സെലൻസ്കിക്കൊപ്പം നരേന്ദ്രമോദി| Photo: PTI
യുക്രെെൻ പ്രസിഡന്റ് സെലൻസ്കിക്കൊപ്പം നരേന്ദ്രമോദി| Photo: PTI

ന്യൂഡൽഹി: യുദ്ധം തകർത്ത യുക്രൈനിലേക്ക് ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ ഡീസൽ വിതരണം ചെയ്തത് ഇന്ത്യ. മൊത്തം ഡീസൽ ഇറക്കുമതിയുടെ 15.5 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. കീവ് ആസ്ഥാനമായുള്ള ഓയിൽ മാർക്കറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ നാഫ്‌റ്റോറിനോക്കിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യ പ്രതിദിനം ശരാശരി 2,700 ടൺ ഡീസൽ യുക്രൈനിലേക്ക് കയറ്റുമതി ചെയ്തു. 

ജൂലൈയിൽ മാത്രം  ഇന്ത്യ 83,000 ടൺ ഡീസൽ യുക്രൈന് നൽകി. 2024 ജൂലൈയിൽ ഇന്ത്യയുടെ വിഹിതം വെറും 1.9 ശതമാനം മാത്രമായിരുന്ന സ്ഥാനത്തുനിന്നാണ് ഈ കുതിച്ചുചാട്ടം. 2025 ഏപ്രിലിൽ യുക്രൈന്റെ ഡീസൽ ഇറക്കുമതിയുടെ 15.9 ശതമാനം ഇന്ത്യ നൽകിയിരുന്നു.

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. റഷ്യയുമായുള്ള എണ്ണ ഇടപാട് യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് സാമ്പത്തിക സഹായമാവുന്നുവെന്ന്  യുഎസ് ആരോപിക്കുകയും ചെയ്തു. എന്നാൽ, റഷ്യൻ എണ്ണ സംസ്‌കരിക്കുന്ന അതേ ഇന്ത്യൻ റിഫൈനറികൾ തന്നെയാണ് ഇപ്പോൾ യുക്രൈന്റെ യുദ്ധകാല സമ്പദ്വ്യവസ്ഥയെ നിലനിർത്താൻ ആവശ്യമായ ഇന്ധനം നൽകുന്നത്.

നാഫ്‌റ്റോറിനോക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള ഡീസൽ പല മാർഗങ്ങളിലൂടെയാണ് യുക്രൈനിൽ എത്തുന്നത്. വലിയ പങ്കും റൊമാനിയ വഴിയാണ് അയക്കുന്നത്. ഇത് ഡാന്യൂബ് നദിയിലെ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നു. മറ്റൊരു മാർഗ്ഗം തുർക്കിയിലെ മർമര എറെഗ്ലിസി ടെർമിനലാണ്. ഭാഗികമായ ഉപരോധങ്ങൾ നിലവിലുണ്ടെങ്കിലും തുർക്കി പെട്രോളിയം കമ്പനിയായ ഓപെറ്റ് പ്രവർത്തിപ്പിക്കുന്ന ഈ ടെർമിനൽ ഇപ്പോഴും സജീവമാണ്.

ഈ വർഷത്തെ ഏഴു മാസത്തെ കണക്കനുസരിച്ച് യുക്രൈന്റെ ഡീസൽ ഇറക്കുമതിയുടെ 10.2 ശതമാനം ഇന്ത്യയാണ് നൽകിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 1.9 ശതമാനം മാത്രമായിരുന്നു. അഞ്ചിരട്ടി വർധന ആനുപാതികമായി പല യൂറോപ്യൻ കയറ്റുമതിക്കാരെയും മറികടക്കാൻ ഇന്ത്യയെ സഹായിച്ചു. എന്നാൽ, ഗ്രീസ്, തുർക്കി എന്നീ രാജ്യങ്ങളെക്കാൾ കുറഞ്ഞ അളവിലാണ് ഇന്ത്യയുടെ കയറ്റുമതി. എങ്കിലും ജൂലൈയിലെ കണക്കുകൾ പ്രകാരം ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.

Content Highlights: India became the largest diesel supplier to Ukraine in July