‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിക്കാൻ പാക് പട്ടാളം യാചിച്ചു; യുഎന്നിൽ പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ

ഓപ്പറേഷൻ സിന്ദൂര്‍.|Photo credit: ANI
ഓപ്പറേഷൻ സിന്ദൂര്‍.|Photo credit: ANI

ന്യൂയോർക്ക്: മേയിൽ നടന്ന ഇന്ത്യ-പാകിസ്താൻ സായുധ സംഘർഷത്തെക്കുറിച്ച് യുഎൻ പൊതുസഭയുടെ 80-ാം സമ്മേളനത്തിൽ വിചിത്രവാദങ്ങൾ നടത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് ചുട്ടമറുപടി നൽകി ഇന്ത്യ. ഏപ്രിൽ 22-നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിക്കാൻ പാകിസ്താൻ പട്ടാളം കേണപേക്ഷിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.

യുഎന്നിലെ ഇന്ത്യയുടെ പെർമെനന്റ് മിഷനിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്‌ലോതാണ് മറുപടിക്കുള്ള അവകാശം വിനിയോഗിച്ച് പാകിസ്താനുനേരേ ആഞ്ഞടിച്ചത്. പാകിസ്താനും പാക് അധീന കശ്മീരിലുമുള്ള ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മേയ് ഏഴിന് ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ മേയ് പത്തിനാണ് അവസാനിച്ചത്.

“മേയ് ഒമ്പതുവരെ ഇന്ത്യക്കുനേരേ കൂടുതൽ ആക്രമണം നടത്തുമെന്നായിരുന്നു പാകിസ്താൻ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, മേയ് പത്തിന് അവരുടെ പട്ടാളക്കാർ നേരിട്ട് ഞങ്ങളുടെ അടുത്തുവന്ന് ആക്രമണം നിർത്തണമെന്ന് യാചിച്ചു. ഇന്ത്യൻസേനകൾ പാകിസ്താന്റെ വിവിധ വ്യോമതാവളങ്ങളിൽ നാശംവിതച്ചതായിരുന്നു കാരണം. നാശനഷ്ടത്തിന്റെ ചിത്രങ്ങൾ പൊതുവിടത്തിൽ ലഭ്യമാണ്” -ഗഹ്‌ലോത് പറഞ്ഞു.

ഇന്ത്യയുമായുണ്ടായ സായുധസംഘർഷത്തിൽ പാകിസ്താൻ ജയിച്ചുവെന്നാണ് വെള്ളിയാഴ്ച രാവിലെ പൊതുസഭയിൽനടത്തിയ പ്രസംഗത്തിൽ ഷരീഫ് പറഞ്ഞത്.

“തകർന്ന റൺവേകളും കത്തിക്കരിഞ്ഞ ഹാങ്ങറുകളും വിജയമായിത്തോന്നുന്നുവെങ്കിൽ, പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ, ആ ജയം പാകിസ്താന്‌ ആസ്വദിക്കാ”മെന്ന് ഗഹ്‌ലോത് പരിഹസിച്ചു.

Content Highlights: India strongly refutes Pakistan PM`s UN speech regarding the May armed conflict.