ഇന്ത്യ അടുത്ത സൂപ്പര്‍ പവർ, സുരക്ഷാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് യുഎന്നിനെ ദുര്‍ബലമാക്കും- ഫിന്‍ലന്‍ഡ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്ത്യയെ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാകൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബ്. ലോകത്തിലെ അടുത്ത സൂപ്പര്‍ പവറായി, അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യയും ഇടംപിടിക്കും. ഇന്ത്യയ്ക്ക് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കാത്തപക്ഷം ഐക്യരാഷ്ട്രസംഘടനയ്ക്ക് അതിന്റെ പ്രസക്തി നഷ്ടമാകുമെന്നും സ്റ്റബ്ബ് കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗണ്‍സിലില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കണമെന്ന് വാദിക്കുന്നയാളാണ് സ്റ്റബ്. ഇന്ത്യക്കും മറ്റ് വികസ്വര രാജ്യങ്ങള്‍ക്കും യുഎന്നിന്റെ അജണ്ടകളെ രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ അവസരം നല്‍കാത്തപക്ഷം ഐക്യരാഷ്ട്രസംഘടന ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ അസംബ്ലിയില്‍ ഞാന്‍ ഇക്കാര്യം രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. സുരക്ഷാസമതി വികസിപ്പിക്കേണ്ടതുണ്ട്. അതിലെ അംഗസംഖ്യ ഇരട്ടിയെങ്കിലുമാക്കേണ്ടതുണ്ട്. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങള്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗമായി ഇല്ലാത്തത് ശരിയായ കാര്യമല്ല, അലക്‌സാണ്ടര്‍ സ്റ്റബ് കൂട്ടിച്ചേര്‍ത്തു.
സുരക്ഷാകൗണ്‍സില്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ ലാറ്റിനമേരിക്കയില്‍നിന്ന് ഒരു രാജ്യത്തെയും അഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും രണ്ടു രാജ്യങ്ങളെ വീതവും ഉള്‍പ്പെടുത്തണമെന്നും സ്റ്റബ് പറഞ്ഞു. ആഗോളസ്ഥിരതയ്ക്ക് ഒഴിവാക്കാനാകാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫസ്റ്റ്‌പോസ്റ്റ് മാനേജിങ് എഡിറ്റര്‍ പാല്‍കി ശര്‍മയുമായുള്ള അഭിമുഖത്തിലായിരുന്നു അലക്‌സാണ്ടര്‍ സ്റ്റബ്ബിന്റെ പരാമര്‍ശം.
Content Highlights: india should be included into un security counsil says finland president