1971-ൽ ഇന്ത്യ ബംഗാളികളെ സഹായിച്ചില്ല, പകരം പാകിസ്താനെ ദുർബലപ്പെടുത്തി; ഇന്ത്യക്കെതിരെ വിദ്വേഷ പരാമർശവുമായി ബംഗ്ലാദേശ് സ്പീക്കർ

#ന്യൂസ് ഡെസ്ക്
ഹഫിസുദ്ദീന്‍ അഹമ്മദ് | Photo: Press Information Department
ഹഫിസുദ്ദീന്‍ അഹമ്മദ് | Photo: Press Information Department

ധാക്ക: പാകിസ്താൻ സന്ദർശനവേളയിൽ ഇന്ത്യക്കെതിരെ വിവാദപരമായ ആരോപണവുമായി ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ ഹഫിസുദ്ദീൻ അഹമ്മദ്. 1971-ലെ യുദ്ധത്തെ ഉയർത്തിക്കാട്ടി, ആ സമയത്ത് ഇന്ത്യ ബംഗാളികളെ സഹായിക്കുകയല്ല ചെയ്തതെന്നും പകരം പാകിസ്താനെ ദുർബലപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആരോപിച്ച അഹമ്മദ്, ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ഇന്ത്യയുടെ കോളനിയായി മാറിയെന്നും കുറ്റപ്പെടുത്തി.

ഇസ്ലാമാബാദിൽ നിന്നുകൊണ്ട് ഇത്തരമൊരു വിവാദ പരാമർശം നടത്തിയതിലൂടെ, ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു അധ്യായത്തെ ഇന്ത്യയ്ക്കെതിരായ പുതിയ രാഷ്ട്രീയ ആക്രമണമാക്കി മാറ്റാനാണ് അഹമ്മദ് ശ്രമിച്ചതെന്ന് വിമർശനം ഉയരുന്നുണ്ട്. പാകിസ്താൻ സന്ദർശനം ഇന്ത്യയ്ക്കെതിരെ ശത്രുതാപരമായ പ്രചാരണം നടത്താനാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും നിരീക്ഷകർ കുറ്റപ്പെടുത്തി.

ബുധനാഴ്ച ഇസ്ലാമാബാദിലെ പാർലമെന്റ് ഹൗസ് സന്ദർശിച്ച അദ്ദേഹം, മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, 1971-ലെ യുദ്ധവുമായും ബംഗ്ലാദേശിന്റെ വീഴ്ചയുമായും ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായത്. '1971-ൽ ഇന്ത്യ ബംഗാളികളെ സഹായിക്കുകയല്ല, പാകിസ്താനെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്. ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് ബംഗ്ലാദേശ് ഫലത്തിൽ ഇന്ത്യയുടെ ഒരു കോളനിയായി മാറി. ഇതിന്റെ ഫലമായി രാജ്യത്തെ ജനങ്ങൾ ദുരിതമനുഭവിച്ചു.' അദ്ദേഹം പറഞ്ഞു.

1971-ലെ യുദ്ധത്തിൽ പോരാടുകയും പിന്നീട് ധീരതയ്ക്ക് ബംഗ്ലാദേശിൽ ആദരിക്കപ്പെടുകയും ചെയ്ത മുൻ പാകിസ്താൻ സൈനിക ക്യാപ്റ്റനാണ് അഹമ്മദ്. ആ സംഘർഷത്തിൽ ഇന്ത്യയുടെ പങ്കിനെ ചോദ്യം ചെയ്യാനും അദ്ദേഹം മുതിർന്നു. 1971-ൽ ബംഗാളികൾ ജനാധിപത്യം ആവശ്യപ്പെടുകയായിരുന്നു, എന്നാൽ അവരുടെ ആ അവകാശം നിഷേധിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

ബംഗ്ലാദേശിലെയും പാകിസ്താനിലെയും പാർലമെന്ററി സംവിധാനങ്ങളെ താരതമ്യം ചെയ്തുകൊണ്ട്, 1975-ൽ ബംഗ്ലാദേശ് ഏകകക്ഷി ഭരണം ഏർപ്പെടുത്തിയ കാര്യവും അഹമ്മദ് ചൂണ്ടിക്കാണിച്ചു. അതോടൊപ്പം, രാജ്യത്തിന് യഥാർത്ഥ ജനാധിപത്യം അനുഭവിക്കാൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എങ്കിലും, 2026 ഫെബ്രുവരിയിലെ ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായിരുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഹസീനയുടെ മടങ്ങിവരവിനെതിരെ ഭീഷണിയും ICJ മുന്നറിയിപ്പും

2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തതിനുശേഷം ഇന്ത്യയിൽ തുടരുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ വിമർശനവും ഭീഷണിയും ബംഗ്ലാദേശ് സ്പീക്കർ ആവർത്തിച്ചു. തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള അവരുടെ പ്രസ്താവനകൾ അണികളെ ആശ്വസിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ അദ്ദേഹം, അടുത്ത 10 വർഷത്തേക്ക് അവർ തിരികെ വരാൻ സാധ്യതയില്ലെന്ന് അവകാശപ്പെട്ടു.

ഇനി, ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാൽ അവരെ നേരിട്ട് ജയിലിലേക്ക് ആയിരിക്കും കൊണ്ടുപോവുകയെന്നും അവിടെ തുറുങ്കിലടയ്ക്കുമെന്നും ഭീഷണി മുഴക്കിയ അഹമ്മദ്, മുസ്ലീങ്ങളോട് ശത്രുത പുലർത്തുന്ന ഒരു രാജ്യത്താണ് (ഇന്ത്യ) ഹസീന അഭയം തേടിയതെന്നും അദ്ദേഹം ആരോപിച്ചു. ഹസീനയെ വിട്ടുനൽകണമെന്ന് ധാക്ക നിരന്തരം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹസീനയെ കൈമാറാൻ ഇന്ത്യ ഇനിയും വിസമ്മതിച്ചാൽ ബംഗ്ലാദേശിന് അന്താരാഷ്ട്ര നീതിനായകോടതിയെ (ICJ) സമീപിക്കാൻ സാധിക്കുമെന്ന് അഹമ്മദ് വ്യക്തമാക്കി. എന്നാൽ ഇതിന്റെ നിയമപരമായ അടിസ്ഥാനം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വിട്ടുനൽകൽ അപേക്ഷ നിലവിലുള്ള നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചു വരികയാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കശ്മീർ വിഷയത്തിൽ പാകിസ്താന് പിന്തുണ

അവാമി ലീഗിനെ 'തീവ്രവാദ പാർട്ടി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബംഗ്ലാദേശ് സ്പീക്കർ ഷെയ്ഖ് ഹസീനയുടെ പാർട്ടിക്കെതിരെ കടുത്ത ആക്രമണവും അഹമ്മദ് വാർത്താസമ്മേളനത്തിൽ അഴിച്ചുവിട്ടു. 2024 ഓഗസ്റ്റിൽ ഹസീനയുടെ സർക്കാരിനെ പുറത്താക്കിയത് മുതൽ ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ കേന്ദ്രസ്ഥാനത്താണ് ഈ പാർട്ടിയെന്ന് അദ്ദേഹം ആരോപിച്ചു.

താൽക്കാലിക ഭരണകൂടം അവാമി ലീഗിനെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുകയും 2026 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നു. ബംഗ്ലാദേശികൾ ഏകാധിപത്യത്തെ തള്ളിക്കളഞ്ഞ് ജനാധിപത്യം ആഗ്രഹിച്ചുവെന്ന് അവകാശപ്പെട്ട അഹമ്മദ്, രാജ്യത്തെ സമീപകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ ഏകാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ചിത്രീകരിച്ചത്.

ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്ക് അനുസൃതമായി കശ്മീർ തർക്കം പരിഹരിക്കണമെന്ന പാകിസ്താന്റെ ദീർഘകാല നിലപാടിനെ അദ്ദേഹം പിന്തുണച്ചു. ഇന്റർ-പാർലമെന്ററി യൂണിയന്റെ (IPU) എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബംഗ്ലാദേശിന്റെ സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് പാകിസ്താനെ പ്രശംസിച്ച അദ്ദേഹം, ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

പാകിസ്താൻ നാഷണൽ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖിന്റെ ക്ഷണപ്രകാരം നവംബർ 23 മുതൽ 29 വരെയാണ് അദ്ദേഹം പാകിസ്താനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ബംഗ്ലാദേശ് പാർലമെന്റിലെ ഒരു സ്പീക്കർ പാകിസ്താനിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. യാത്രയ്ക്കിടെ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Content Highlights: Bangladeshi Parliament Speaker Hafizuddin Ahmed accused India of weakening Pakistan during the 1971 war rather than helping Bengalis, and criticized Bangladesh's current government for becoming an Indian colony under Sheikh Hasina. Ahmed's remarks in Islamabad were seen as a political attack against India, using his visit to Pakistan to promote anti-India sentiment and criticize Hasina's leadership. He supported Pakistan's stance on the Kashmir issue and expressed confidence in stronger Bangladesh-Pakistan relations, while also threatening legal action against India if Sheikh Hasina is not extradited.