'ഇന്ത്യയും ചൈനയും സുഹൃത്തുക്കൾ'; റിപ്പബ്ലിക് ദിന ആശംസയുമായി ചൈനീസ് പ്രസിഡന്റ്

#ന്യൂസ് ഡെസ്ക്
ഷി ജിൻപിങ് | Photo: AFP
ഷി ജിൻപിങ് | Photo: AFP

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് . ഇന്ത്യയും ചൈനയും ‘നല്ല അയൽക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണ്’ എന്ന് ആശംസാ സന്ദേശത്തിൽ അദ്ദേഹം വിശേഷിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരുരാജ്യങ്ങളെയും പ്രതീകാത്മകമായി ‘ഒന്നിച്ചു നൃത്തം ചെയ്യുന്ന ഡ്രാഗണും ആനയും’ എന്ന് മുൻപ് പലതവണ ഉപയോഗിച്ചിട്ടുള്ള പ്രയോഗം റിപ്പബ്ലിക് ദിന ആശംസയിൽ അദ്ദേഹം വീണ്ടും പരാമർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കണമെന്നും നയതന്ത്ര ബന്ധത്തിൽ സ്ഥിരത കൈവരിക്കുന്നതിനായി പരസ്പരമുള്ള ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2020-ലെ ഗാൽവൻ വാലി അതിർത്തി സംഘർഷത്തെത്തുടർന്ന് നാല് വർഷത്തോളമായി വഷളായിരുന്ന ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ഷി ജിൻപിങ്ങിന്റെ റിപ്പബ്ലിക് ദിന ആശംസ. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ പുരോഗതിക്ക് വഴിതുറന്നത്. അതിർത്തിയിലെ തർക്കങ്ങൾ അവസാനിപ്പിക്കാൻ ഇരുപക്ഷവും അന്ന് ധാരണയിലെത്തിയിരുന്നു. തുടർന്ന് 2025 ജൂലൈയിൽ ചൈന സന്ദർശിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, അതിർത്തിയിലെ സേനാ പിന്മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൈവരിച്ച പുരോഗതി തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി, നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുകയും വിസ നടപടികൾ ലഘൂകരിക്കുകയും ചെയ്തിരുന്നു. കൂടാതെ, ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടനം പുനരാരംഭിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.

Content Highlights: Chinese President Xi Jinping sends Republic Day greetings to India`s President Murmu. Message signals warming ties, referencing `dancing dragon and elephant`.