പഹൽഗാമിൽ ഒപ്പം നിന്നതിന് നന്ദി; ഇന്ത്യ- ചൈന ബന്ധം കൂടുതൽ ബലപ്പെടുത്തണമെന്ന് മോദി

ടിയാന്‍ജിന്‍: ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ നടക്കുന്ന 10 അംഗ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ആരംഭിച്ചു. സഖ്യത്തിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘടനയിലെ മറ്റ് നേതാക്കളും ചേര്‍ന്ന് തുടക്കം കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് നേതാക്കളെ സ്വാഗതം ചെയ്തു.
ഞായറാഴ്ച രാത്രി ഷി ജിന്‍പിങ് ഒരുക്കിയ വമ്പിച്ച വിരുന്നോടെ 25-ാമത് ഉച്ചകോടിക്ക് ഔദ്യോഗികമായി തുടക്കമായി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും തങ്ങള്‍ക്ക് ഗംഭീരമായ രീതിയില്‍ സ്വാഗതമരുളിയ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഉസ്ബെക്കിസ്ഥാന് അദ്ദേഹം അഭിനന്ദനവും നേര്‍ന്നു.
'എസ്സിഒ അംഗമെന്ന നിലയില്‍ വളരെ മികവാര്‍ന്ന പങ്കാണ് ഇന്ത്യ വഹിച്ചിട്ടുണ്ട്. എസ്സിഒയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും നയവും മൂന്ന് പ്രധാന കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ്-സുരക്ഷ (S - Security), സി-കണക്റ്റിവിറ്റി (C - Connectivtiy), ഒ-അവസരം (O - Opportuntiy).
'കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ദുരിതം സഹിച്ചുവരികയാണ്. അടുത്തിടെ, പഹൽഗാമിൽ തീവ്രവാദത്തിന്റെ ഏറ്റവും മോശം വശം നാം കണ്ടു. ദുഃഖത്തിന്റെ ഈ സമയത്ത് നമ്മോടൊപ്പം നിന്ന സൗഹൃദ രാജ്യത്തിന് ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു.' മോദി പറഞ്ഞു.
'പഹല്‍ഗാമില്‍ നടന്ന ആക്രമണം മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഓരോ രാജ്യത്തിനും വ്യക്തിക്കും നേരെയുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചില രാജ്യങ്ങള്‍ ഭീകരവാദത്തിന് നല്കുന്ന പരസ്യമായ പിന്തുണ നമുക്ക് അംഗീകരിക്കാനാകുമോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപത്തിലും ഭാവത്തിലും നമ്മള് ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇത് മനുഷ്യരാശിയോടുള്ള നമ്മുടെ കടമയാണ്.' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
'ഈ പാതയില്‍ നമ്മള് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ - ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയാണ്. ഭീകരവാദം ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളി മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കും നേരെയുള്ള പൊതുവായ വെല്ലുവിളിയാണ്. ഒരു രാജ്യത്തിനോ സമൂഹത്തിനോ, പൗരനോ ഇതില്‍നിന്ന് സുരക്ഷിതരാണെന്ന് കരുതി മാറിനില്‍ക്കാനാവില്ല. അതിനാല്‍, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഐക്യത്തിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.' അദ്ദേഹം വ്യക്തമാക്കി.
'അല്‍ ഖ്വയ്ദയ്ക്കും അതുമായി ബന്ധപ്പെട്ട ഭീകരസംഘടനകള്‍ക്കും എതിരെ പോരാടാന്‍ സംയുക്ത വിവര പ്രവര്‍ത്തനത്തിന് (Joint Information Operation) നേതൃത്വം നല്‍കിയാണ് ഇന്ത്യ മുന്‍കൈയെടുത്തത്. ഭീകരവാദത്തിന് പണം നല്‍കുന്നതിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തി. അതിന് നിങ്ങള്‍ നല്കിയ പിന്തുണയ്ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.' മോദി പറഞ്ഞു.
'രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധങ്ങള്‍ അവര്‍ക്കിടയിലെ വ്യാപാരം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അവരുടെ വളര്‍ച്ചയ്ക്കും വിശ്വാസത്തിനും പരസ്പരമുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യുമെന്ന് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, ചബാഹര് തുറമുഖം, അന്താരാഷ്ട്ര നോര്‍ത്ത്-സൗത്ത് വ്യാപാര ഇടനാഴി തുടങ്ങിയ പദ്ധതികളില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണ്. അഫ്ഗാനിസ്താനുമായും മധ്യേഷ്യയുമായും ഉള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇത് ഞങ്ങളെ സഹായിക്കും.' പ്രധാനമന്ത്രി മോദി പറഞ്ഞു.
Content Highlights: pm modi highlights india role in sco summit emphasizing security connectivity and opportunity