നതാൻസ് ആണവകേന്ദ്രത്തിൽ നാശനഷ്ടമെന്ന് സ്ഥിരീകരിച്ച് IAEA; ഖത്തറിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ/ വിയന്ന: ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് അടുത്തിടെ ചില നാശനഷ്ടങ്ങൾ സംഭവിച്ചതായി യുഎൻ ആണവനിരീക്ഷണ ഏജൻസിയുടെ സ്ഥിരീകരണം. നതാൻസിലെ ഭൂഗർഭ ആണവസമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവേശനഭാഗത്തെ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് ഐഎഇഎ (ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി) സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, ആണവവികിരണംപോലെയുള്ള പ്രത്യാഘാതങ്ങൾ ഇല്ലെന്നാണ് കരുതുന്നതെന്നും ഏജൻസി അറിയിച്ചു.
അതിനിടെ, ചൊവ്വാഴ്ചയും യുഎസ്, ഇസ്രയേൽ കേന്ദ്രങ്ങൾക്ക് നേരേ വ്യോമാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്കും ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് വ്യോമത്താവളത്തിലേക്കും ആക്രമണം നടത്തിയെന്നാണ് ഇറാന്റെ അവകാശവാദം.
അതേസമയം, യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 787 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഇറാനിലെ 153 നഗരങ്ങളിലായി 500-ലേറെ കേന്ദ്രങ്ങളിലാണ് ശനിയാഴ്ച മുതൽ ആക്രമണമുണ്ടായതെന്നും സൊസൈറ്റി പറഞ്ഞു.
Content Highlights: The IAEA has confirmed damage to a building at Iran's Natanz underground nuclear enrichment facility., Iran claims it conducted retaliatory attacks on Israeli military sites and the US Al Udeid Air Base in Qatar., The Iranian Red Crescent Society reports 787 fatalities in Iran from recent attacks across 153 cities.