ഹോർമുസ് പ്രധാനമാണ്, പക്ഷെ കപ്പലുകളയക്കാൻ പദ്ധതിയില്ലെന്ന് ഓസ്ട്രേലിയയും ജപ്പാനും

ടെഹ്റാൻ: ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനപ്പെട്ട എണ്ണ വിതരണ മാർഗ്ഗമായ ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ ഏഴ് രാജ്യങ്ങളോട് യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ നിർദേശത്തോട് ഒട്ടേറെ സഖ്യകക്ഷികൾ ശ്രദ്ധയോടെ പ്രതികരിക്കുകയോ നേരിട്ട് നിരസിക്കുകയോ ചെയ്തിരിക്കുകയാണ്.
കടലിടുക്ക് വളരെ പ്രധാനമാണെങ്കിലും, കപ്പൽ അയക്കാൻ ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ഓസ്ട്രേലിയൻ കാബിനറ്റ് മന്ത്രി കാതറിൻ കിങ് എബിസിയോട് പറഞ്ഞു. ഓസ്ട്രേലിയ നാവികസഹായം സംഭാവന ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഞങ്ങൾ ഹോർമുസ് കടലിടുക്കിലേക്ക് ഒരു കപ്പൽ അയക്കില്ല. ഹോർമുസ് എത്രത്തോളം പ്രധാനമാണോന്ന് ഞങ്ങൾക്കറിയാം, ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങൾ നാവികശേഷി സംഭാവന ചെയ്യാനുമില്ല," കാതറിൻ കിംഗ് പറഞ്ഞു.
ഈ ഘട്ടത്തിൽ നാവിക സുരക്ഷാപ്രവർത്തനങ്ങൾ പരിഗണിക്കുന്നില്ല എന്ന് ജപ്പാൻ സൂചിപ്പിച്ചു. ജപ്പാനിലെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ ഓപ്ഷനുകൾ ഇപ്പോഴും പരിശോധിച്ചുവരികയാണെന്നും കപ്പലുകൾ അയക്കാൻ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മുതിർന്ന നിയമസഭാംഗമായ സനേ ടകൈച്ചി പ്രതികരിച്ചു.
ഏതൊരു നീക്കവും ശ്രദ്ധാപൂർവമായ അവലോകനത്തിന് ശേഷം നടത്തുമെന്നും ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് യുഎസുമായി കൂടിയാലോചനകൾ തുടരുമെന്നും ദക്ഷിണ കൊറിയ പറഞ്ഞു.
ആഗോള ഷിപ്പിങ് തടസ്സങ്ങൾ ലഘൂകരിക്കാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ട്രംപുമായി ചർച്ച ചെയ്തതായി ഡൗണിങ് സ്ട്രീറ്റ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ പ്രതിസന്ധി സംബന്ധിച്ച് ചർച്ചകൾ തുടരാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും സ്റ്റാർമർ സംസാരിച്ചു.
Content Highlights: US requested allies to deploy warships to secure the Hormuz Strait., Australia explicitly rejected the request for naval assistance., Japan and South Korea are reviewing options cautiously., UK Prime Minister discussed reopening shipping routes with the US.