ഹോങ്കോങ് തീപ്പിടിത്തം: മരണസംഖ്യ 44, ഉയരാന്‍ സാധ്യത; 279 പേരെ കാണാനില്ല

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ വാങ് ഫുക്ക് കോർട്ടിൽ ഉണ്ടായ തീപ്പിടിത്തം | Photo: AP
ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ വാങ് ഫുക്ക് കോർട്ടിൽ ഉണ്ടായ തീപ്പിടിത്തം | Photo: AP

ഹോങ്കോങ്: വടക്കന്‍ തായ്‌പേയില്‍ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളിലുണ്ടായ തീപ്പിടിത്തത്തില്‍ മരണസംഖ്യ 44 ആയി. 279 പേരെ കാണാതായതായി ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്‌നിശമന സേനാംഗവും ഉള്‍പ്പെടുന്നു. 28 പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കണ്ടെത്തിയത്. ഇതില്‍ ഒന്‍പത് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്നവര്‍ പിന്നീട് മരണപ്പെട്ടു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന 45 പേരുടെ നില ഗുരുതരമാണ്. ഒട്ടേറെ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

തീപ്പിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താനായിപോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്.

പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22-ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തില്‍നിന്ന് പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നു.

വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്.1980-കളില്‍ നിര്‍മിച്ച എട്ട് കെട്ടിടങ്ങള്‍ അടങ്ങുന്ന ഈ ഭാഗത്ത് രണ്ടായിരത്തോളം പാര്‍പ്പിട സൗകര്യങ്ങളുണ്ട്‌. ഇവിടെ 4800 പേര്‍ താമസിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഹോങ്കോങ്ങിലെ വാങ് ഫുക് കോര്‍ട്ട്.

മുപ്പതു വര്‍ഷത്തിനിടയില്‍ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപ്പിടിത്തമാണിതെന്ന് അധികൃതര്‍ പറഞ്ഞു. 1996 നവംബറില്‍ കൗലൂണ്‍ ജില്ലയിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 41 പേരാണ് മരിച്ചത്.

Content Highlights: Tragedy strikes Hong Kong as a massive fire in a residential building claims 44 lives. Over 279 people are reported missing. Investigations are underway. Read for details and updates.