ലോക മഹായുദ്ധങ്ങളെപ്പോലും അതിജീവിച്ച ചരിത്രസ്മാരകം; ലിമോഷ് ടൗൺഹാളിന് പ്രതിഷേധക്കാർ തീയിട്ടു

പാരീസ്: ഫ്രാൻസിൽ ഉയർന്ന ജീവിതച്ചെലവിനെതിരെ ഉണ്ടായ ജനകീയ പ്രതിഷേധങ്ങൾക്കിടെ, ലിമോഷിലെ ചരിത്രപ്രസിദ്ധമായ ടൗൺഹാൾ കെട്ടിടം വൻ തീപിടിത്തത്തിൽ തകർന്നു. പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനിടയിലാണ് ടൗൺഹാളിൽ തീ പടർന്നുപിടിച്ചതും കെട്ടിടം നിലംപതിച്ചതും. പ്രതിഷേധക്കാർ കെട്ടിടത്തിന് തീ കൊളുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ലോകമഹായുദ്ധങ്ങളെപ്പോലും അതിജീവിച്ച പ്രശസ്തമായ ഈ ചരിത്രസ്മാരകമാണ് ലിമോഷ് ടൗൺഹാൾ. 1873-ൽ നിർമിച്ച ഇത് 1883-ലാണ് ഉദ്ഘാടനം ചെയ്തത്. പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ കെട്ടിടം തകരുകയായിരുന്നു. മുഖംമൂടി ധരിച്ച ഒരു കൂട്ടം പ്രതിഷേധക്കാർ കെട്ടിടത്തിന്റെ ജനലുകൾ തകർത്ത് അകത്തുകയറി തീ കൊളുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തീപിടിത്തത്തിൽ ടൗൺഹാളിന്റെ ഭൂരിഭാഗവും നശിച്ചതായി ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ചരിത്രപ്രസിദ്ധമായ കെട്ടിടത്തിനുണ്ടായ ഈ നാശനഷ്ടം "പൈതൃകത്തിന് സംഭവിച്ച വൻ ദുരന്തം" ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് "അക്രമികളുടെ മനഃപൂർവമായ പ്രവൃത്തി" ആണെന്ന് അപലപിക്കുകയും ചെയ്തു.