ചാവേര്‍ ആക്രമണങ്ങൾ പുനരാരംഭിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ സിന്‍വർ

ടെല്‍ അവീവ്: ചാവേര്‍ സ്ഫോടനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ സിൻവർ. 20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രമാണിത്. ഇസ്രയേലുമായുള്ള സംഘര്‍ഷം തീവ്രമായ സാഹചര്യത്തില്‍ ഹമാസ് കമാൻഡര്‍മാര്‍ക്ക് യഹിയ നിര്‍ദ്ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
2000-കളുടെ തുടക്കത്തില്‍ ഹമാസിന്റെ വലിയ തന്ത്രമായിരുന്നു ചാവേര്‍ സ്ഫോടനങ്ങള്‍. രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന് ആശങ്കയിലാണ് പിന്നീട് ഇതവസാനിപ്പിച്ചത്. 2024 ജൂലായില്‍ ഇറാനില്‍ നടന്ന ബോംബാക്രമണത്തില്‍ മുന്‍ നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണശേഷമാണ് യഹിയ സിൻവർ ഹമാസിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തുത്. സിൻവർ സ്ഥാനമെടുത്തതിന് ശേഷം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിനിര്‍ണായകമായ തീരുമാനമാണിത്.
സെപ്തംബര്‍ 21-ന് ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിൻവർ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്. വാര്‍ത്തകള്‍ പ്രചരിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി വാര്‍ത്താ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിനുശേഷം സിന്‍വറെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തില്‍ തെല്ലും പശ്ചാത്താപമില്ലെന്ന് സിൻവർ പറഞ്ഞതായി വെള്ളിയാഴ്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് തന്നെ കാണാന്‍ എത്തിയവരോടാണ് സിൻവർ തന്റെ നിലപാട് അറിയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സിൻവർ ആയിരുന്നു.
സായുധ ആക്രമണത്തിലൂടെ മാത്രമേ പലസ്തീന്‍ എന്ന സ്വതന്ത്രരാഷ്ട്രം സാധ്യമാകൂ എന്നാണ് 62-കാരനായ സിന്‍വറിന്റെ കാഴ്ചപ്പാട് എന്നും അദ്ദേഹത്തെ കണ്ടു എന്ന് വെളിപ്പെടുത്തിയവര്‍ പറയുന്നു. നാല് പലസ്തീന്‍ ഉദ്യോഗസ്ഥരും മധ്യപൂർവേഷ്യയിലെ രണ്ട് ഔദ്യോഗിക വക്താക്കൾ സിന്‍വറിനെ കണ്ടതായും ഇക്കാര്യങ്ങള്‍ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Content Highlights: israel hamas war, hamas chief yahya sinwar calls for Suicide Bombing, International News