'തെളിവില്ല'; പന്നൂന്‍ വധശ്രമത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന യു.എസ്. ആരോപണം തള്ളി റഷ്യ

മോസ്കോ: ഖലിസ്താന്‍ വിഘടനവാദി ഗുര്‍പത്‌വന്ത് സിങ് പന്നൂനെ വധിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന യു.എസ്. ആരോപണം തള്ളി റഷ്യ. ഇന്ത്യയുടെ പങ്ക് വ്യക്തമാക്കാനുതകുന്ന വസ്തുതാപരമായ തെളിവുകള്‍ നല്‍കാന്‍ യു.എസിന് സാധിച്ചിട്ടില്ലെന്ന് റഷ്യ പറഞ്ഞു.
ഗുര്‍പത്‌വന്ത് സിങ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരര്‍ക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ യു.എസ്. നല്‍കിയിട്ടില്ലെന്നാണ് തങ്ങള്‍ക്ക് ലഭ്യമായ വിവരമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടിസ്ഥാനരഹിതവും ഊഹോപോഹങ്ങള്‍ നിഴലിക്കുന്നതുമായ ആരോപണങ്ങള്‍ അസ്വീകാര്യമാണെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സഖറോവ ബുധനാഴ്ച പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന്റെ പൊതുവായ സാംസ്‌കാരിക മനോഭാവത്തേയും ചരിത്രപരമായ പശ്ചാത്തലത്തേയും കുറിച്ച് യു.എസിനുള്ള പരിമിതമായ അറിവും ഇന്ത്യയെന്ന രാഷ്ട്രത്തോടുള്ള അവഹേളനവുമാണ് ഇത് പ്രകടമാക്കുന്നതെന്നും മരിയ സഖറോവ കൂട്ടിച്ചേര്‍ത്തു.
"മതസ്വാതന്ത്ര്യം ലംഘിക്കുന്നുവെന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരേ (ഇന്ത്യയ്‌ക്കെതിരേ മാത്രമല്ല മറ്റുപല രാഷ്ട്രങ്ങള്‍ക്കെതിരേയും) യു.എസ്. നിരന്തരം ആരോപിക്കുന്നു. യു.എസിന്റെ ഭാഗത്തുനിന്നുള്ള തെറ്റിധാരണയുടെ പ്രതിഫലനമാണത്. മാത്രമല്ല, യു.എസ്. പുലര്‍ത്തുന്ന നിയോ കൊളോണിയല്‍ മനഃസ്ഥിതിയില്‍ നിന്നാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുണ്ടാകുന്നത്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ ആഭ്യന്തരരാഷ്ട്രീയസ്ഥിതിയെ താളംതെറ്റിക്കുക എന്നതാണ് യു.എസിന്റെ ലക്ഷ്യം. ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളിലുള്ള കൈകടത്തല്‍ കൂടിയാണത്", മരിയ സഖറോവ കുറ്റപ്പെടുത്തി.
പന്നൂനിനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന് യു.എസ്. ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ ഒരാഴ്ച മുമ്പാണ് റിപ്പോര്‍ട്ട് വന്നത്. റിപ്പോര്‍ട്ട് അനാവശ്യവും വസ്തുതാരഹിതവുമാണെന്ന് റിപ്പോര്‍ട്ടിനെ തള്ളി വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചിരുന്നു. ഭീകരവാദികള്‍, സംഘടിത കുറ്റവാളികള്‍ തുടങ്ങിയവരടങ്ങിയ ശൃംഖലകളെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ കൈമാറിയ സുരക്ഷാവിഷയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതലസമിതി അന്വേഷിച്ചു വരുകയാണ്. അതിനാല്‍ ഊഹാപോഹത്തില്‍ അധിഷ്ഠിതമായതും നിരുത്തരവാദപരവുമായ അഭിപ്രായങ്ങള്‍ സഹായകരമാകില്ലെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
Content Highlights: Gurpatwant Singh Pannun case Russia backs India questions lack of evidence by US