അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് മോദിസര്‍ക്കാരിന് നന്ദി, ഇന്ത്യ എല്ലായ്പ്പോഴും നല്ല സുഹൃത്ത്- ഷെയ്ഖ് ഹസീനയുടെ മകന്‍

വാഷിങ്ടണ്‍: 2024-ലെ ബംഗ്ലാദേശ് ആഭ്യന്തരകലാപകാലത്ത് ഷെയ്ഖ് ഹസീനയെ വധശ്രമത്തില്‍നിന്ന് രക്ഷിച്ചത് ഇന്ത്യയാണെന്നും അതിന് നന്ദിപറഞ്ഞ് അവരുടെ മകന്‍ സജീബ് വസേദ്. യുഎസിലെ വിര്‍ജീനിയയില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാക്കാലത്തും ഇന്ത്യ നല്ലൊരു സുഹൃത്താണ്. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയാണ് എന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ചത്. അവര്‍ ബംഗ്ലാദേശ് വിട്ടില്ലായിരുന്നുവെങ്കില്‍, അവരെ കൊലപ്പെടുത്താന്‍ തീവ്രവാദികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു, സജീബ് പറഞ്ഞു. എന്റെ അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് എല്ലാക്കാലവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനോട് ഞാന്‍ കടപ്പാടുള്ളവനായിരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷെയ്ഖ് ഹസീനയെ അടിയന്തരമായി വിട്ടുകൊടുക്കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും സജീബ് കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിന്റെ ആവശ്യം, നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ കുറ്റവാളി കൈമാറ്റ അഭ്യര്‍ഥനയോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് ഇന്ത്യന്‍ സര്‍ക്കാരിന് നന്നായി അറിയാമെന്നാണ് താന്‍ കരുതുന്നത്. അത്തരം നിയമവിരുദ്ധ അഭ്യര്‍ഥനയോട് അവര്‍ പ്രതികരിക്കുമെന്ന് താന്‍ കരുതുന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തനിക്ക് വിശ്വാസമുണ്ട്, സജീബ് കൂട്ടിച്ചേര്‍ത്തു.
2024-ല്‍ രാജ്യത്തുണ്ടായ ആഭ്യന്തര കലാപത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചിരുന്നു. അവരെ ഉടന്‍ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുമുണ്ട്.
Content Highlights: greatful to modi government for saving my mothers life says sheikh hasina son