കയ്റോയിൽ മാരത്തൺ ചർച്ച; ഹമാസ് നിലപാടറിയിച്ചു, നിർദേശം അംഗീകരിപ്പിക്കാൻ ഖത്തറും ഈജിപ്തും; സുവർണാവസരമെന്ന് US

കയ്‌റോ: ഗാസയിലെ കൂട്ടക്കുരുതിക്ക് രണ്ടുവർഷം തികഞ്ഞിരിക്കെ, ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അറുതിവരുത്താനാകുമെന്ന പ്രതീക്ഷയിൽ ഈജിപ്തിലെ കയ്‌റോയിൽ ആരംഭിച്ച സമാധാനചർച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന നിർദേശങ്ങളടങ്ങിയ സമാധാനപദ്ധതി ഹമാസിനെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമം. പദ്ധതി ഇസ്രയേൽ നേരത്തേ അംഗീകരിച്ചതാണ്.
അന്തിമകരാറിലെത്താനുള്ള സാധ്യത വളരെ മികച്ചതാണെന്നും അതൊരു സുസ്ഥിരകരാറായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ബന്ദി-പലസ്തീൻ തടവുകാരുടെ കൈമാറ്റത്തിനുവേണ്ട നിലമൊരുക്കുന്നതിനാണ് ആദ്യഘട്ടചർച്ചയിൽ ശ്രദ്ധചെലുത്തിയതെന്നും ചർച്ച നല്ല അന്തരീക്ഷത്തിലാണ് നടക്കുന്നതെന്നും ഈജിപ്ത് പറഞ്ഞു. ആദ്യഘട്ടം നാലുമണിക്കൂർ നീണ്ടു.
അതേസമയം, ഗാസയിൽനിന്ന് ഇസ്രയേൽ സമ്പൂർണ സൈനികപിന്മാറ്റം നടത്തണമെന്നും വേണ്ടത് ശാശ്വത വെടിനിർത്തലാണെന്നും രണ്ടാംദിവസത്തെ ചർച്ച തുടങ്ങുംമുൻപ് ഹമാസ് നിലപാടറിയിച്ചു. ബന്ദി-തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാർ വേണമെന്നും ആവശ്യപ്പെട്ടു. ഈ ഇരുണ്ട അധ്യായം അടച്ച് പശ്ചിമേഷ്യയിൽ ശാശ്വതസമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള സുവർണാവസരമാണ് ട്രംപിന്റെ പദ്ധതിെയന്ന് യുഎസ് വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇസ്രയേലിന്റെ സ്വയം സംരക്ഷിക്കാനുള്ള അവകാശത്തിന് യുഎസിന്റെ അചഞ്ചലപിന്തുണ അദ്ദേഹം ആവർത്തിച്ചു.
അതിനിടെ യുദ്ധം രണ്ടുവർഷം പൂർത്തിയാക്കിയ ചൊവ്വാഴ്ച ഗാസയിൽ പലയിടത്തും ആക്രമണമുണ്ടായെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. തന്റെ നിർദേശത്തെത്തുടർന്ന് ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം നിർത്തിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ വെടിനിർത്തിയെന്ന് പറഞ്ഞ വെള്ളിയാഴ്ചമുതൽ ഗാസയിൽ 104 പേർ കൊല്ലപ്പെട്ടു. ആകെ മരണം 67,173 ആയി. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 12 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു.
ഗാസയിൽ യുദ്ധം തുടങ്ങാൻ കാരണമായ 2023 ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് ഇസ്രയേലിലുടനീളം അനുശോചനപരിപാടികൾ നടന്നു. പലസ്തീൻ സായുധസംഘമായ ഇസ്‍ലാമിക് ജിഹാദിന്റെ സായുധവിഭാഗമായ ഖുദ്‌സ് ബ്രിഗേഡ്‌സ് ചൊവ്വാഴ്ച അൽഷാതി അഭയാർഥിക്യാമ്പിനുസമീപത്ത് ഇസ്രയേൽ സൈനികർക്കുനേരെ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ട്.
ട്രംപിൽനിന്ന് ഉറപ്പുലഭിക്കണം -ഹമാസ്
യുദ്ധം എന്നെന്നേക്കുമായി അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽനിന്നും സ്പോൺസർ രാജ്യങ്ങളിൽനിന്നും ഉറപ്പുലഭിക്കണമെന്ന് ഹമാസ്. ചൊവ്വാഴ്ച ഈജിപ്തിലെ കയ്റോയിൽ ഇസ്രയേലുമായുള്ള പരോക്ഷ ചർച്ചകൾക്കിടെ ഹമാസിന്റെ ഉന്നത മധ്യസ്ഥൻ ഖലീൽ എൽ-ഹയ്യയാണ് ഈയാവശ്യം ഉന്നയിച്ചത്.
യുദ്ധവിരാമത്തിന് തൊട്ടടുത്ത് -നെതന്യാഹു
ടെൽ അവീവ്: ഗാസയിലെ യുദ്ധം തീർക്കുന്നതിന് ഇസ്രയേൽ വളരെയടുത്തെത്തിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, ഹമാസ് ഇതുവരെ തുടച്ചുമാറ്റപ്പെട്ടിട്ടില്ലെന്നും യുദ്ധത്തിന്റെ രണ്ടാംവാർഷികവേളയിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘യുദ്ധം അവസാനിപ്പിക്കുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ് ഞങ്ങൾ. ബന്ദികളുടെ മോചനത്തോടെ, ഹമാസിന്റെ ഭരണം അവസാനിക്കുന്നതോടെ ഗാസയിൽ തുടങ്ങിയത് ഗാസയിൽത്തന്നെ തീരും. ഹമാസ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. പക്ഷേ, അത് ഞങ്ങൾ ചെയ്യും. ആ ദിവസം പശ്ചിമേഷ്യയിലെ ഏറ്റവും കരുത്തരായി ഇസ്രയേൽ ഉയർത്തെഴുന്നേൽക്കും.” -നെതന്യാഹു പറഞ്ഞു.
‘അമേരിക്ക ആദ്യ’മെന്നാൽ അമേരിക്ക ഒറ്റയ്ക്കാണെന്നല്ലെന്നും വലിയ ശക്തികൾക്ക് സഖ്യകക്ഷികളെ ആവശ്യമാണെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്റെകാര്യത്തിൽ യുഎസിന് മുന്നറിയിപ്പ്
:അമേരിക്കയെ ലക്ഷ്യമിട്ട് ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നുണ്ടെന്ന് ട്രംപിന് നെതന്യാഹു മുന്നറിയിപ്പുനൽകി. ന്യൂയോർക്കും ബോസ്റ്റണും വാഷിങ്ടണും ലക്ഷ്യമിടാനാകുന്ന മിസൈലുകളാണ് ഇറാൻ വികസിപ്പിക്കുന്നതെന്നും യുഎസിനെ സംരക്ഷിക്കാൻ ഇസ്രയേൽ ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. 8000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകളാണ് ഇറാൻ വികസിപ്പിക്കുന്നതെന്നും 3000 കിലോമീറ്റർകൂടി നീട്ടിയാൽ യുഎസിന്റെ കിഴക്കൻ തീരത്തെത്തുമെന്നും വ്യക്തമാക്കി.
Content Highlights: Gaza Peace Talks: Cairo Hosts Crucial Second Phase Amidst US-Led Initiative