ആപ്പിൾ, ലൂയി വിറ്റോൺ,...വൻകിട ബ്രാൻഡ് സ്റ്റോറുകൾ കൊള്ളയടിക്കപ്പെട്ടു; ഫ്രാൻസിൽ പ്രക്ഷോഭത്തിന്റെ മറവിൽ വ്യാപക കവർച്ച

പാരിസ്: ഫ്രാൻസിൽ ജീവിതച്ചെലവ് വർധിച്ചതിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കടുക്കുന്നതിനിടെ, വൻകിട ആഡംബര ഫാഷൻ സ്റ്റോറുകളും പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ബോർഡോ, ലിൽ, പാരിസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ വൻകിട ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ തകർത്ത് അക്രമികൾ കൊള്ളയടിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബോർഡോ നഗരത്തിലാണ് വൻകിട ബ്രാൻഡ് സ്റ്റോറുകൾക്ക് നേരെ കടുത്ത ആക്രമണമുണ്ടായത്. ആപ്പിളിന്റെ സ്റ്റോറിനു പുറമേ, പ്രശസ്ത ആഡംബര ഫാഷൻ ബ്രാൻഡുകളായ ലൂയി വിറ്റോൺ (Louis Vuitton), ഹെർമീസ് (Hermès) എന്നിവയുടെ ഷോറൂമുകളുടെ ചില്ലുകൾ തകർത്താണ് അക്രമികൾ ഉള്ളിൽ കയറി സാധനങ്ങൾ കൊള്ളയടിച്ചത്. ലിൽ നഗരത്തിലുള്ള ആപ്പിൾ സ്റ്റോറിനു നേരെയും സമാനമായ രീതിയിൽ ആക്രമണവും കൊള്ളയും നടന്നു.
തലസ്ഥാനമായ പാരിസിൽ മുഖംമൂടിയും ധരിച്ചെത്തിയ പ്രതിഷേധക്കാർ കടകളും റെസ്റ്റോറന്റുകളും തകർക്കുകയും കൊള്ളയടിക്കൽ നടത്തുകയും ചെയ്തു. കവർച്ചയ്ക്ക് പുറമേ തെരുവിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ബാരിക്കേഡുകൾ കത്തിക്കുകയും ചെയ്തു. കൊള്ളയടിക്കലും അതിക്രമങ്ങളും ലിയോൺ, മാർസെയിൽ, റൂവൻ, നാന്റ്സ്, തുലൂസ് തുടങ്ങിയ നഗരങ്ങളിലേക്കും വേഗത്തിൽ പടർന്നു.
ലിയോണിലെ വിനോദസഞ്ചാര കേന്ദ്രത്തിന് (ടൂറിസം സെന്റർ) അക്രമികൾ തീയിട്ടു. മാർസെയിലിലും ലില്ലിലും നഗരസഭാ കാര്യാലയങ്ങൾ ആക്രമിക്കപ്പെടുകയും മാർസെയിൽ മുനിസിപ്പൽ ആസ്ഥാനത്ത് കടന്നുകയറിയവർ ഫ്രാൻസിന്റെ ദേശീയ പ്രതീകമായ 'മരിയാനെ'യുടെ പ്രതിമയും ടെലിവിഷൻ സെറ്റുകളും തല്ലിത്തകർക്കുകയും ചെയ്തു.
ജനകീയ പ്രക്ഷോഭത്തിന്റെ മറവിൽ ചി കുറ്റവാളികളും കടന്നുകൂടിയാണ് കടകൾ കൊള്ളയടിക്കുന്നതെന്നും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതെന്നും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ആരോപിച്ചു. കടകളും വ്യാപാരസ്ഥാപനങ്ങളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.