ഇസ്രയേൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു, അഹ്‌മദി നജാദ് ജീവനോടെയുണ്ടെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാന്റെ മുൻ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നജാദ് കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് ഇറാൻ വാർത്താ ഏജൻസിയായ ഇറാൻ ലേബർ ന്യൂസ് ഏജൻസി (ILNA). അഹ്‌മദി നജാദിന്റെ ഏറ്റവും അടുത്ത സഹായിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
നജാദുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം സുരക്ഷിതനാണെന്നും സഹായി വ്യക്തമാക്കി. നിലവിൽ ഹൗസ് അറസ്റ്റിലുള്ള നജാദിന്റെ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട കെട്ടിടത്തിൽ ആക്രമണമുണ്ടായെന്നും അദ്ദേഹത്തിന്റെ അംഗരക്ഷകരായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും സഹായി വ്യക്തമാക്കി. എന്നാൽ, നജാദിന്റെ വസതിക്ക് 100 മീറ്റർ അപ്പുറമായിരുന്നു ആക്രമണമെന്നും ആ സമയത്ത് വസതിയിലായിരുന്ന അദ്ദേഹം ഇപ്പോൾ സുരക്ഷിതനാണെന്നും സഹായി പറയുന്നു.
നേരത്തെ ഇസ്രയേൽ ആക്രമണത്തിൽ അഹ്‌മദി നജാദ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വടക്കുകിഴക്കൻ ടെഹ്‌റാനിലെ നർനക്കിലുള്ള നജാദിന്റെ വസതിക്ക് നേരെയായിരുന്നു ആക്രമണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇറാനോ ഇസ്രയേലോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിരുന്നില്ല.
2005 -2013 കാലയളവിൽ ഇറാന്റെ പ്രസിഡന്റായിരുന്നു അഹ്‌മദി നജാദ്. അതിന് മുമ്പ് ടെഹ്‌റാൻ മേയറായും അർദാബിയിൽ പ്രവിശ്യാ മേയറായും പ്രവർത്തിച്ചിരുന്നു.
Content Highlights: former iranian president mahmoud ahmadinejad not killed in attack