കോക്പിറ്റിൽനിന്നും സംഘട്ടനത്തിന്റെ ശബ്ദംകേട്ടത് 6-വയസുകാരി; നീനയുടെ നിലവിളി ഒഴിവാക്കിയത് വൻ ആകാശദുരന്തം

ദുബായ്: ഫ്‌ളൈദുബായ് വിമാനത്തിൽ ആകാശത്തുവെച്ചുണ്ടായ ഭീതിജനകമായ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ, യാത്രക്കാരെ അപായ സൂചന നൽകി ഉണർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നീന മാനസ് എന്ന ആറുവയസുകാരിയെയും അമ്മ ടാലിയെയും പ്രശംസിക്കുകയാണ് ഏവരും.
174 യാത്രക്കാരുമായി ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫളൈദുബായ് FZ1073 (FlyDubai Flight FZ1073) വിമാനത്തിലെ ഒമാനി കോ-പൈലറ്റ്, ബോയിങ് 737 MAX 8 വിമാനം തകർക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കുത്തുകയായിരുന്നു.
വിമാനത്തിന്റെ മുൻവശത്തെ റെസ്റ്റ്റൂമിൽ പോകണമെന്ന് നീന അമ്മയോട് ആവശ്യപ്പെട്ടതാണ് വഴിത്തിരിവായത്. റെസ്റ്റ്റൂമിന് തൊട്ടുപുറത്ത് നിൽക്കുമ്പോൾ കോക്ക്പിറ്റിനുള്ളിൽ നിന്ന് ഭയാനകമായ ബഹളവും നിലവിളിയും ഇരുവരും കേട്ടു. കോക്ക്പിറ്റിൽ 'എല്ലായിടത്തും രക്തം' തളംകെട്ടിനിൽക്കുന്നതും കടുത്ത ആക്രമണം നടക്കുന്നതും കണ്ടതായി ടാലി വിവരിച്ചു. ഇതോടെ ഭയന്നുപോയ നീന വലിയവായിൽ നിലവിളിച്ചു.
മകളുടെ നിലവിളി കേട്ട് എന്തോ വലിയ അപകടം നടക്കുകയാണെന്ന് മനസ്സിലാക്കിയ നീനയുടെ പിതാവും ബാങ്ക് ലെയുമി അണ്ടർറൈറ്റിങ് വിഭാഗം സി.ഇ.ഒ.യുമായ ടിസ്‌വിക മാനസ് അവിടേക്ക് കുതിച്ചെത്തുകയായിരുന്നു. പിന്നാലെ മറ്റ് രണ്ട് യാത്രക്കാരും ഇങ്ങോട്ടേക്കെത്തുകയും കോക്ക്പിറ്റിൽ കടന്ന് ആക്രമണകാരിയെ കീഴടക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാറിന് കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. പിന്നാലെ സന്ദർഭോചിതമായി ഇടപെട്ട ഒരു കൂട്ടം യാത്രക്കാർ അകത്തുകയറി, കോ-പൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി ബന്ധിക്കുകയായിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന, ഡ്യൂട്ടിയിലല്ലാത്ത ഒരു പൈലറ്റിന്റെ സഹായത്തോടെ ആയിരക്കണക്കിന് അടി താഴേക്ക് പതിച്ച വിമാനത്തെ സുരക്ഷിത നിലയിലാക്കാനും സാധിച്ചു. തുടർന്ന്, വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ (Tabuk) സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വൻ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റന്റെയും യാത്രക്കാരുടെയും അപാരമായ ധീരതയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ ഉദ്യോഗസ്ഥരും പ്രശംസിച്ചു.
മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സംസാരിക്കുകയും, അടിയന്തര ഘട്ടത്തിൽ അദ്ദേഹം കാണിച്ച ധീരതയെ പ്രശംസിക്കുകയും ചെയ്തു. സംഭാഷണത്തിനിടെ, സംഭവസമയത്തെ തന്റെ അനുഭവങ്ങൾ മച്ചാർ പങ്കുവെക്കുകയും അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കാൻ തനിക്ക് ധൈര്യം നൽകിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പൈലറ്റിന്റെ ധീരതയെ പ്രശംസിച്ച പ്രധാനമന്ത്രി അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
Content Highlights: A six-year-old girl, Neena Manas, and her mother, Tali, played a crucial role in alerting passengers to a dangerous situation on FlyDubai Flight FZ1073, where an Omani co-pilot attempted to attack the Indian captain, Smit Machchar, mid-flight. Neena's loud scream, after hearing alarming noises from the cockpit, prompted her father and other passengers to intervene, subduing the attacker and preventing a potential disaster.