‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

#ന്യൂസ് ഡെസ്ക്
ബെഞ്ചമിൻ നെതന്യാഹു | Photo: AFP
ബെഞ്ചമിൻ നെതന്യാഹു | Photo: AFP

ടെൽ അവീവ്: ദുബായ്-ടെൽഅവീവ് ഫ്‌ളൈ ദുബായ് വിമാനത്തിലുള്ള സംഭവവികാസങ്ങളിൽ പ്രതികരണവുമായി ഇസ്രയേൽ നേതാക്കൾ. സഹ പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച ഫ്‌ളൈ ദുബായ് പൈലറ്റ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നതായി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഭവത്തിന് ശേഷമുള്ള നെതന്യാഹുവിന്റെ ആദ്യ പ്രതികരണമാണിത്.

'വിമാനത്തിലെ മിക്കവാറും എല്ലാ യാത്രക്കാരും ഇസ്രയേലികളായിരുന്നു. വിമാനം ഇസ്രയേലിനോട് അടുത്തപ്പോൾ, പൈലറ്റുമാരിൽ ഒരാൾ മറ്റേയാളെ കുത്തുകയും യാത്രക്കാരുമായി വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തതു. വിമാനത്തിലെ സംവിധാനങ്ങൾ തകരാറിലാക്കാൻ ശ്രമിച്ചു. ഒരു ഇസ്രയേലി യാത്രക്കാരനും ജീവനക്കാരിലൊരാളുമാണ് കോക്ക്പിറ്റിൽ കയറി പൈലറ്റിനെ തടഞ്ഞത്', നെതന്യാഹു പറഞ്ഞു.

മറ്റൊരു ജീവനക്കാരനാണ് കോക്ക്പിറ്റിൽ കയറി വിമാനം സുരക്ഷിതമാക്കിയതെന്നും നെതന്യാഹു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും അവരുടെ സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി തങ്ങൾ നിരന്തരമായ സമ്പർക്കത്തിലാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേൽ പതിവായി സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോ പൈലറ്റിനെ സൗദി ചോദ്യം ചെയ്തുവരികയാണെന്നും നെതന്യാഹു പറഞ്ഞു. ഭാവിയിൽ സമാനമായ ശ്രമങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കാൻ ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

നിരവധി ജീവനുകൾ രക്ഷിക്കുകയും ധീരത പ്രകടിപ്പിക്കുകയും ചെയ്ത വീരന്മാരെ അഭിനന്ദിക്കുന്നതായി പറഞ്ഞ നെതന്യാഹു 'അവർ ഒരു വലിയ ദുരന്തം തടഞ്ഞു'വെന്നും പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നാലെ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിന്റെ ചിത്രവും അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടു.

ഫ്‌ളൈ ദുബായിയിൽ നടന്നത് ധീരരായ ഇസ്രയേലികൾ പരാജയപ്പെടുത്തിയ ജിഹാദി ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പ്രതികരിച്ചു.

ഫ്‌ളൈദുബായ് വിമാനത്തിലുണ്ടായ ഗുരുതരമായ സംഭവം ഒരു ജിഹാദി ഭീകരാക്രമണ ശ്രമമായിരുന്നു. കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറുകയും ഭീകരനെ കീഴ്‌പ്പെടുത്തുകയും ചെയ്ത ചില ഇസ്രായേലി യാത്രക്കാരുടെ ധൈര്യംകൊണ്ട് മാത്രമാണ് ഇത് പരാജയപ്പെട്ടത്. അവർ സ്വന്തം കൈകൊണ്ട് വിമാനത്തിന്റെ നിയന്ത്രണം അവിടെയുണ്ടായിരുന്ന മറ്റൊരു ഫ്‌ളൈറ്റ് ക്രൂവിന് തിരികെ ഏൽപ്പിച്ചു', കാറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, വിമാനത്തിലുണ്ടായ സംഭവത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് ഫ്‌ളൈദുബായ് അറിയിച്ചു. കോക്ക്പിറ്റിൽ വാക്കേറ്റമുണ്ടായതായും ഫ്‌ളൈദുബായ് പ്രസ്താവനയിലൂടെ അറിയിച്ചു.

'വിമാനത്തിൽ യാത്രചെയ്തിരുന്ന ഫ്‌ളൈദുബായ് ജീവനക്കാർ വിമാനം സുരക്ഷിതമായി നിയന്ത്രണത്തിലാക്കുകയും വഴിതിരിച്ചുവിട്ട് തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. പ്രാഥമിക ഘട്ടത്തിൽ, ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ലക്ഷ്യങ്ങളും അജ്ഞാതമാണ്, ഇത് ഔദ്യോഗിക അന്വേഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അധികാരികൾ വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ എല്ലാവരും ഊഹാപോഹങ്ങൾ മെനയുന്നത് ഒഴിവാക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു', ഫ്ളൈദുബായ് വക്താവ് അറിയിച്ചു.

Content Highlights: Flydubai pilot stabbed co-pilot on a flight from Dubai carrying mostly Israeli passengers., Benjamin Netanyahu stated the incident was an intentional attempt to crash the plane., Israeli passengers and crew bravely intervened in the cockpit to secure the aircraft., Defense Minister Israel Katz described the event as a jihadist terror attack attempt., The flight was safely diverted and landed at Tabuk airport, with investigations underway.