'ഫ്ളൈ ദുബായിൽ നടന്നത് 9/11 മാതൃകയിലുള്ള ആക്രമണ പദ്ധതി'; അത്ഭുതകരമായ രക്ഷപ്പെടുത്തൽ, തുണയായി കനേഡിയൻ ഡോക്യുമെന്ററി

#ന്യൂസ് ഡെസ്ക്
ടെല്‍ അവീവിലെത്തിയ ഫ്‌ളൈദുബായ് വിമാനത്തിലെ യാത്രക്കാര്‍, വസ്ത്രത്തില്‍ രക്തംപുരണ്ടയാളാണ് യാനിവ് ഹയുന്‍ |ഫോട്ടോ:AP
ടെല്‍ അവീവിലെത്തിയ ഫ്‌ളൈദുബായ് വിമാനത്തിലെ യാത്രക്കാര്‍, വസ്ത്രത്തില്‍ രക്തംപുരണ്ടയാളാണ് യാനിവ് ഹയുന്‍ |ഫോട്ടോ:AP

ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിലുണ്ടായത് 9/11 മാതൃകയിലുള്ള ആക്രമണ പദ്ധതിയായിരുന്നുവെന്ന് ഇസ്രയേൽ ഇന്റലിജൻസ് വൃത്തങ്ങൾ. മറ്റൊരു 9/11 ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു.

ദുബായിൽനിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുപറന്ന ഫ്‌ളൈ ദുബായ് വിമാനം നാടകീയ സംഭവങ്ങൾക്കൊടുവിൽ സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ കോ പൈലറ്റായ ഒമാൻ സ്വദേശി ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ചാണ് വിമാനം തകർക്കാൻ ശ്രമം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

കുത്തേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറും വിമാനത്തിലുണ്ടായിരുന്ന മൂന്ന് ഇസ്രയേൽ പൗരന്മാരുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ആറ് മണിക്കൂർ സൗദി അറേബ്യയിലെ തബൂക്കിൽ തങ്ങിയശേഷം മറ്റൊരു വിമാനത്തിൽ ടെൽ അവീവിലെത്തിയ യാത്രക്കാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. 166 ഇസ്രയേലികളും മറ്റു രാജ്യക്കാരായ എട്ട് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ബെൻ ഗുര്യോൺ വിമാനത്താവളത്തിൽ വൈദ്യസഹായം നൽകിയതായും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെൽ അവീവിലേക്ക് ഇവരെ എത്തിക്കുന്നതിനായി ഫ്‌ളൈ ദുബായ് മറ്റൊരു വിമാനം ഏർപ്പാടാക്കിയിരുന്നു. എന്നാൽ പല യാത്രക്കാരും ഈ വിമാനത്തിൽ കയറാൻ തുടക്കത്തിൽ സമ്മതിച്ചില്ല. ഇതോടെ ഇസ്രയേൽ തങ്ങളുടെ വിമാനം അയക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൗദി ഇതിന് അനുമതി നൽകിയില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ അപ്രൂവൽ ലഭിച്ച ശേഷമാണ് ഫ്‌ളൈ ദുബായ് വിമാനത്തിൽ കയറാൻ യാത്രക്കാർ തയ്യാറായത്.

തലയിലും കൈകളിലും കുത്തേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന് ഗുരുതരമായി പരിക്കേറ്റതായി യാത്രക്കാർ പറഞ്ഞു. കോക്ക്പിറ്റിന് പുറത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന മച്ഛാറിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

സഹപൈലറ്റിന്റെ ആക്രമണത്തിനിടയിൽ, വിമാനം പറക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് ഏകദേശം 17,000 അടിവരെ താഴേക്ക് പതിച്ചിരുന്നു. ഇസ്രായേലി യാത്രക്കാരുടെ ഒരു സംഘം കോക്ക്പിറ്റിലേക്ക് അതിക്രമിച്ചു കയറുകയും ആക്രമണം നടത്തിയ പൈലറ്റിനെ കീഴ്പ്പെടുത്തി വിമാനം നിയന്ത്രണത്തിലാക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കുത്തേറ്റ് രക്തത്തിൽ കുളിച്ച് ക്യാപ്റ്റൻ സ്മിത്ത് പ്രാണവേദനയിൽ കോക്ക്പിറ്റ് വാതിൽ തുറന്നതോടെയാണ് യാത്രക്കാർ സംഭവം അറിഞ്ഞതെന്ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ വക്താവ് ഡോറോൺ സ്പീൽമാൻ പറഞ്ഞു.

'ആ നിമിഷത്തിൽ, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയ ചില യാത്രക്കാർ മുന്നിലേക്ക് കുതിക്കുകയും പൈലറ്റിന്റെ ക്യാബിനിൽ പ്രവേശിക്കുകയും ചെയ്തു. പരിക്കേറ്റ പൈലറ്റ് നിലത്ത് കിടക്കുന്നത് അവർ കണ്ടു, ആക്രമണകാരിയായ സഹ പൈലറ്റ് കൺട്രോൾ പാനലിന് മുകളിൽ നിൽക്കുകയും കൺട്രോൾ പാനൽ അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു' അദ്ദേഹം പറഞ്ഞു.

സ്മിത്ത് മച്ഛാറിന് വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലി ദന്തഡോക്ടറായ ഡോ. ഷോത മുസായേവ് പ്രാഥമിക ചികിത്സ നൽകി. 'നിലവിളി കേട്ട ഉടൻ തന്നെ, പത്തു സെക്കന്റിനുള്ളിൽ ഞാൻ അങ്ങോട്ടേക്ക് ഓടി; ഒട്ടും വൈകിയില്ല' ടെൽ അവീവിലെത്തിയശേഷം മുസായേവ് 'ദ ടൈംസ് ഓഫ് ഇസ്രായേലി'നോട് പറഞ്ഞു. പൈലറ്റിന്റെ നില അതീവ ഗുരുതരമായിരുന്നു; തലയിൽ നിന്നടക്കം ശക്തമായ രക്തസ്രാവം ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടർ താനായിരുന്നു, ഒടുവിൽ രക്തസ്രാവം നിയന്ത്രിക്കാനും അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം സ്ഥിരപ്പെടുത്താനും തനിക്ക് സാധിച്ചുവെന്നും ഷോത മുസായേവ് പറഞ്ഞു.

'വളരെ ബുദ്ധിമുട്ടേറിയ നിമിഷങ്ങളായിരുന്നു, എങ്കിലും വിമാനത്തിലുണ്ടായിരുന്ന ധീരരായ ചില ആളുകൾക്കൊപ്പം, ഒരു ദുരന്തത്തിലേക്ക് വഴുതിവീഴുമായിരുന്ന സാഹചര്യത്തെ ഞങ്ങൾ വിജയകരമായി ഒഴിവാക്കി' അദ്ദേഹം ഓർത്തെടുത്തു. 'എനിക്ക് വീട്ടിൽ പോയി എന്റെ മക്കളെ ഒന്ന് കെട്ടിപ്പിടിക്കണം' ഷോത മുസായേവ് കൂട്ടിച്ചേർത്തു.

തുണയായി കനേഡിയൻ ഡോക്യുമെന്ററി

ദുരന്തം ഒഴിവാക്കിയ ഇടപെടൽ നടത്തിയ യാത്രക്കാരിൽ ഒരാളാണ് ഇസ്രയേലി സ്വദേശിയായ യാനിവ് ഹയുൻ. കോക്ക്പിറ്റിൽ കയറി കോ പൈലറ്റിനെ കീഴ്‌പ്പെടുത്തുകയും വിമാനം നിയന്ത്രണത്തിലാക്കുകയും ചെയ്യുകയായിരുന്നു യാനിവ് അടക്കമുള്ള മൂന്ന് ഇസ്രയേലി യാത്രക്കാർ. ടെൽ അവീവിൽ തിരിച്ചെത്തിയ യാനിവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽവെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

'ഞാൻ അകത്തേക്ക് ചെന്നപ്പോൾ, രണ്ട് സീറ്റുകൾക്കിടയിലുള്ള നിയന്ത്രണ ഉപകരണങ്ങളുടെ അരികിൽ ഭീകരവാദിയെ ഞാൻ കണ്ടു. സീറ്റുകളിൽ പൈലറ്റുമാർ ഉണ്ടായിരുന്നില്ല, ഞാൻ ഭീകരവാദിയെ പിടിച്ച് കീഴ്പ്പെടുത്തി അവനെ പുറത്തേക്ക് വലിച്ചിടുകയും ചെയ്തു' യാനിവ് നെതന്യാഹുവിനോട് പറഞ്ഞു.

അക്രമി എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് നെതന്യാഹു ചോദിച്ചപ്പോൾ, 'വിമാനം പ്രവർത്തനരഹിതമാക്കാൻവേണ്ടി അയാൾ ഉപകരണങ്ങൾ തകർക്കാൻ ശ്രമിക്കുകയായിരുന്നു' വെന്ന് യാനിവ് മറുപടി നൽകി.

വിമാനം പെട്ടെന്ന് ഒരു വശത്തേക്ക് ചരിഞ്ഞു, കോപൈലറ്റിനെ പിടിച്ചുകെട്ടാൻ വിമാനത്തിലുണ്ടായിരുന്ന മറ്റ് ഇസ്രായേലികളുടെ സഹായം തേടിയതായും പിന്നീട് താൻ വീണ്ടും കോക്ക്പിറ്റിലേക്ക് മടങ്ങിയതായും ഹയുൻ പറഞ്ഞു.

വിമാനാപകടങ്ങളെക്കുറിച്ചുള്ള കനേഡിയൻ ഡോക്യുമെന്ററി പരമ്പരയായ 'മേഡേ' (Mayday) കാണാറുള്ളതുകൊണ്ട് എന്തുചെയ്യണമെന്ന് തനിക്ക് ഒരു ധാരണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ നിയന്ത്രണ സംവിധാനങ്ങൾ പിടിച്ചെടുത്ത് അവ പിന്നിലേക്ക് വലിക്കാൻ തുടങ്ങി, ഇതോടെ വിമാനം കുറച്ചുകൂടി നേരെയായിത്തുടങ്ങി, അപ്പോൾ പൈലറ്റ് എന്നോട് പറഞ്ഞു, ബാക്കി കാര്യങ്ങൾ അദ്ദേഹം ഏറ്റെടുത്തുകൊള്ളാമെന്ന്' യാനിവ് ഹയുൻ പറഞ്ഞു.

'അതൊരു സിനിമയിലെ രംഗം പോലെയായിരുന്നു. യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല' എന്ന് കോ-പൈലറ്റിനെ കീഴ്‌പ്പെടുത്താൻ സഹായിച്ച മറ്റൊരു ഇസ്രായേലിയായ അസാഫ് രാജ്വാൻ ചാനൽ 12ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അക്രമകാരിയായ കോ പൈലറ്റിനെ കീഴ്പ്പെടുത്താൻ 25 മിനിറ്റ് എടുത്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വയറുകൾ ഉപയോഗിച്ചാണ് ഇയാളെ യാത്രക്കാർ ചേർന്ന് ബന്ധിച്ചതെന്നും അവർ പറഞ്ഞു.

Content Highlights: A 9/11-style attack on a Flydubai flight from Dubai to Tel Aviv was successfully thwarted., The Omani co-pilot attacked and seriously injured the Indian captain, Smith Machaar., Alert Israeli passengers and the injured pilot intervened to regain control of the aircraft, preventing a major disaster., The flight made an emergency landing in Tabuk, Saudi Arabia, before safely returning passengers to Tel Aviv.