ടെൽ അവീവിലേക്ക് സർവീസുണ്ടെന്ന് ഉറപ്പാക്കി ജോലിയിൽ പ്രവേശിച്ചു; ഫ്ലൈദുബായിൽ ചേരുംമുമ്പേ പദ്ധതി തയ്യാറാക്കി

ജെറുസലേം: ഫ്ലൈ ദുബായ് വിമാനക്കമ്പനിയിൽ ജോലിക്കു കയറുന്നതിനു മുൻപുതന്നെ ആക്രമണ പദ്ധതി തയാറാക്കിയിരുന്നുവെന്ന് കസ്റ്റഡിയിലുള്ള സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്. ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ തിരഞ്ഞാണ് ഫ്ലൈ ദുബായിൽ ജോലിക്ക് ചേർന്നതെന്നും യു.എ.ഇയിലെ ചോദ്യംചെയ്യലിൽ ഹമ്മാമി വെളിപ്പെടുത്തി. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദുബായിൽനിന്ന് ഇസ്രയേലിലേക്ക് പുറപ്പെട്ട ഫ്ലൈറ്റ് ടെൽ അവീവിന് സമീപമുള്ള ബെൻ-ഗുറിയോൺ വിമാനത്താവളത്തിലേക്ക് ഇടിച്ചിറക്കാനാണ് ഒമാൻ പൗരനായ ഹമാം അൽ-ഹമ്മാമി ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം ടെൽ അവീവിലേക്കുള്ള മറ്റൊരു വിമാനത്തിലും ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നു. അന്നും വിമാനം തട്ടിയെടുത്ത് ക്രാഷ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. പക്ഷേ, ആ തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നു. അന്നത്തെ യാത്രക്കാരിൽ ഇയാൾക്ക് പരിചയമുള്ള ആരോ ഒരാൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഇയാൾ ആക്രമണത്തിൽനിന്ന് പിന്മാറിയതെന്നാണ് കരുതുന്നത്.
സെപ്റ്റംബർ 11 മാതൃകയിലുള്ള ഭീകരാക്രമണം നടത്താനാണ് ഹമ്മാം അൽ-ഹമ്മാമി ലക്ഷ്യമിട്ടിരുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോക്പിറ്റിൽവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഹമ്മാം അൽ-ഹമ്മാമി അദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം വിമാനം റാഞ്ചി ടെൽ അവീവിലെ കെട്ടിടത്തിൽ ഇടിച്ചിറക്കി ഭീകരാക്രമണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഒറ്റയ്ക്കാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇസ്രയേലിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 30-നാണ് ഇന്ത്യൻ പൈലറ്റായ സ്മിത് മച്ചാറിനെ അൽ-ഹമ്മാമി കോക്പിറ്റിൽ വച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തത്. സംഘർഷത്തിനിടെ വിമാനം വെറും രണ്ട് മിനിറ്റിനുള്ളിൽ 36,000 അടി ഉയരത്തിൽനിന്ന് 17,000 അടിയോളം താഴേക്ക് പതിച്ചു. സംഭവം നടക്കുമ്പോൾ 174 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റിട്ടും ധൈര്യം കൈവിടാതെ ക്യാപ്റ്റൻ മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഇതോടെ വിമാന ജീവനക്കാരും യാത്രക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും കോ-പൈലറ്റിനെ കീഴടക്കുകയും ചെയ്തു. തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി നിലത്തിറക്കി.
Content Highlights: Detained FlyDubai co-pilot Hammam Al Hammami confessed that he had planned a terror attack targeting Tel Aviv even before joining the airline.