ഫ്ലൈദുബായ് വിമാനം ടെൽ അവീവിലേക്ക് പറന്നിരുന്നെങ്കിൽ വെടിവെച്ച് വീഴ്ത്താൻ ഇസ്രയേൽ തയ്യാറായിരുന്നതായി റിപ്പോർട്ട്

ടെൽ അവീവ്: കോക്പിറ്റിലെ സംഘർഷത്തിന് പിന്നാലെ ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിന് നേർക്ക് പറക്കുന്നത് തുടർന്നിരുന്നെങ്കിൽ ഇസ്രയേൽ അതിനെ വെടിവെച്ചുവീഴ്ത്താൻ തയാറായിരുന്നതായി റിപ്പോർട്ട്. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നതായും ഇസ്രയേലി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ മുപ്പതാം തീയതിയാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ അസാധാരണ സംഭവങ്ങളുണ്ടായത്. ഒമാനി പൈലറ്റ് ഹമാമി, ഇന്ത്യക്കാരനും ക്യാപ്റ്റനുമായ സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നു. വിമാനം വീഴ്ത്താനായിരുന്നു ഇയാളുടെ നീക്കം. എന്നാൽ സ്മിത്തിന്റെ സമയോചിതമായ ഇടപെടൽ ഒമാനി സഹപൈലറ്റിന്റെ നീക്കം വിഫലമാക്കി. ജീവനക്കാരുൾപ്പെടെ 182 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 150 പേരും ഇസ്രയേലികളായിരുന്നു.
ഫ്ലൈ ദുബായ് വിമാനവുമായി ബന്ധപ്പെടാൻ ഇസ്രയേൽ വ്യോമസേന ശ്രമിച്ചിരുന്നെങ്കിലും തിരിച്ച് പ്രതികരണമൊന്നുമുണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടുന്നതിനെ കുറിച്ച് നേരത്തെ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ പിന്തുടരുകയായിരുന്നു. ഒരു കമാൻഡ് സെന്റർ സ്ഥാപിക്കുകയും ഇസ്രയേൽ വ്യോമപരിധി അടയ്ക്കുകയും പിന്നാലെ യുദ്ധവിമാനങ്ങളെ സജ്ജമാക്കുകയും ചെയ്തു. വിമാനം ഇസ്രയേലിന് നേർക്കുനിന്ന് മാറി സൗദിയിലേക്ക് വഴിതിരിഞ്ഞതോടെ യുദ്ധവിമാനങ്ങളെ ഇസ്രയേൽ തിരിച്ചുവിളിച്ചു.
അതേസമയം, വിമാനം ടെൽ അവീവിന് നേർക്ക് പറക്കുന്നത് തുടർന്നിരുന്നെങ്കിൽ അതിന് സമീപത്തേക്ക് എത്താൻ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ശ്രമിക്കുകയും കോക്പിറ്റിലെ സ്ഥിതി എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യപ്പെടുകയാണോയെന്നതും അല്ലെങ്കിൽ എന്ത് അടിയന്തരസാഹചര്യമാണ് നേരിടുന്നത് എന്ന് മനസ്സിലാക്കാനുമായിരുന്നു ഇങ്ങനെ ചെയ്യുക.
വിമാനം ഹൈജാക്ക് ചെയ്യപ്പെടുകയും അക്രമികളിൽനിന്ന് പ്രതികരണമൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, വിഷയം ഇസ്രയേൽ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും പരിഗണനയ്ക്ക് വിടുകയും ചെയ്യുമായിരുന്നു. വിമാനം വെടിവെച്ചിടണോ എന്നതിൽ തീരുമാനം കൈക്കൊള്ളാനുള്ള അവകാശം പ്രധാനമന്ത്രിയിലാണ് നിക്ഷിപ്തമായിട്ടുള്ളത്.
Content Highlights: A Flydubai flight from Dubai to Tel Aviv faced a cockpit struggle between the pilots., Israeli fighter jets were scrambled and prepared to shoot down the plane if it continued., The plane diverted toward Saudi Arabia just in time, avoiding military action., The decision to shoot down would have rested with the Israeli Prime Minister.