മയാമി വിമാനത്താവളത്തിൽ യാത്രാവിമാനവും ചരക്കുവിമാനവും കൂട്ടിയിടിച്ചു

വാഷിങ്ടൺ: ഫ്ലോറിഡയിലെ മയാമി വിമാനത്താവളത്തിന്റെ റൺവേയിൽവെച്ച് യാത്രാവിമാനവും ചരക്കുവിമാനവും കൂട്ടിയിടിച്ചു. യുപിഎസ് ബോയിങ് 767 ചരക്കുവിമാനവും കോപ എയർലൈൻസിന്റെ ബോയിങ് 737 യാത്രാവിമാനവുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച രാത്രി പ്രാദേശികസമയം ഒൻപതേകാലോടെയാണ് സംഭവം.
മയാമിയിൽനിന്ന് കൊളംബിയയിലെ ബഗോട്ടയിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു യുപിഎസ് വിമാനം. പാനമയിൽനിന്ന് എത്തിയതായിരുന്നു കോപ എയർലൈൻസിന്റെ വിമാനം. വിമാനങ്ങൾ കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പും ശേഷവുമുള്ള എയർ ട്രാഫിക് കൺട്രോൾ (എസിടി) ആശയവിനിമയങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വിമാനം ഏറെ മുന്നോട്ടുനീങ്ങിയെന്നും മറ്റൊരു വിമാനത്തിന്റെ ചിറക് അതിൽ തട്ടിയെന്നുമാണ് ഒരു പൈലറ്റ് ആശയവിനിമയത്തിനിടെ വിവരിച്ചതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാനമയിൽനിന്നെത്തി ലാൻഡ് ചെയ്ത കോപ എയർലൈൻസ് വിമാനത്തിന്റെ പാതയിലേക്ക് യുപിഎസ് വിമാനം നീങ്ങിയെത്തുകയായിരുന്നെന്നാണ് വിവരം. കോപയുടെ വിമാനത്തിന് വഴിമാറിക്കൊടുക്കണമെന്ന് യുപിഎസ് വിമാനത്തിന്റെ ജീവനക്കാരോട് എയർ ട്രാഫിക് കൺട്രോളർ നിർദേശം നൽകിയിരുന്നു. കൂട്ടിയിടിയുടെ ഫലമായി യുപിഎസിന്റെ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകളുണ്ടായതിന്റെ ദൃശ്യം, കോപ എയർലൈൻസിലെ യാത്രക്കാരിലൊരാൾ പകർത്തിയത് പുറത്തെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇരു വിമാനങ്ങളും വെവ്വേറെ ടാക്സിവേയിലേക്ക് മാറ്റി.
രണ്ടു യാത്രക്കാർക്ക് നേരിയ പരിക്കുകളേറ്റിട്ടുണ്ട്. എന്നാൽ വെെദ്യസഹായം ആവശ്യമുള്ള പരിക്കുകളല്ല ഇത്. വിമാനങ്ങൾ കൂട്ടിയിടിച്ചെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് തടസ്സമൊന്നും നേരിട്ടിട്ടില്ല.
Content Highlights: UPS Boeing 767 cargo plane and Copa Airlines Boeing 737 passenger plane collided on the runway., The incident occurred on Saturday night around 9:15 PM local time at Miami International Airport., UPS cargo plane was headed to Bogota, Colombia, while the Copa Airlines flight arrived from Panama., UPS plane's front section sustained damage; both aircraft were moved to separate taxiways.