ബ്രസീൽ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാസ്പോർട്ടുകൾ റദ്ദാക്കി; ബോൾസൊനാരോ യുഎസ്സിലേക്ക് കടന്നു

#ഇന്റർനാഷണൽ ഡെസ്ക്
ഫ്‌ളാവിയോ ബോള്‍സൊനാരോ | Photo: AFP
ഫ്‌ളാവിയോ ബോള്‍സൊനാരോ | Photo: AFP

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വലതുപക്ഷ സ്ഥാനാർഥിയായിരുന്ന ഫ്‌ളാവിയോ ബോൾസൊനാരോ യുഎസ്സിലേക്ക് കടന്നു. പാസ്‌പോർട്ടുകൾ ബ്രസീൽ റദ്ദാക്കിയതിനെ തുടർന്നാണ് അദ്ദേഹം നാടുവിട്ടത്. പാസ്‌പോർട്ടുകൾ റദ്ദാക്കപ്പെട്ടശേഷം മണിക്കൂറുകൾക്കകം ബൊൾസൊനാരോ യുഎസ് മണ്ണിലിറങ്ങിയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് അദ്ദേഹം.

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ബോൾസൊനാരോയ്‌ക്കെതിരെ അന്വേഷണം നടക്കുന്നതിനിടെ പാസ്പോർട്ടുകൾ കൈമാറാൻ അദ്ദേഹത്തോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പറഞ്ഞ സമയത്തിനകം ബോൾസൊനാരോ പാസ്പോർട്ടുകൾ ഹാജരാക്കിയില്ല. തുടർന്നാണ് ചൊവ്വാഴ്ച ഇവ റദ്ദാക്കിയത്. 

യുഎസ്സിലെ ഫ്‌ളോറിഡയിലെത്തിയ ബോൾസൊനാരോ തന്റെ ഇളയ സഹോദരൻ എഡ്വാർഡോ ബോൾസൊനാരോയെ കണ്ടതായി അടുത്തവൃത്തങ്ങൾ ബിബിസി ബ്രസീലിനോടും ബിബിസി മുണ്ടോയോടും പറഞ്ഞു. എന്നാൽ ബ്രസീലിൽനിന്ന് യുഎസ്സിലേക്ക് അദ്ദേഹം ഏത് വഴിയാണ് യാത്ര ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരൊക്കെ ഒപ്പമുണ്ടായിരുന്നുവെന്നും യുഎസ്സിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.

ഫ്‌ളാവിയോ ബോൾസൊനാരോയ്ക്കും കുടുംബത്തിനും വിസ അനുവദിക്കുമെന്നും യുഎസ്സിൽ പ്രവേശിക്കാൻ അനുമതി നൽകുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം യുഎസിലെത്തിയെന്ന വാർത്ത പുറത്തുവന്നത്. അതേസമയം, ബോൾസൊനാരോ എവിടെയാണെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ നേരത്തേ പറഞ്ഞത്. പാസ്പോർട്ട് കൈമാറാനുള്ള സമയപരിധി അവസാനിച്ചിട്ടും അദ്ദേഹം ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു അഭിഭാഷകരുടെ പ്രതികരണം.

ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ രണ്ടാംഘട്ടത്തിലാണ് ഫ്‌ളാവിയോ ബോൾസൊനാരോ പരാജയമേറ്റുവാങ്ങിയത്. ഇടതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോടാണ് അദ്ദേഹം പൊരുതി തോൽക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മുന്നിലായിരുന്ന അദ്ദേഹത്തെ പിന്നീട് ലുല മറികടക്കുകയായിരുന്നു. ബോൾസൊനാരോ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പിൽ പക്ഷേ അദ്ദേഹത്തിന് 48.21 ശതമാനം വോട്ടാണ് ലഭിച്ചത്. 51.79 ശതമാനം വോട്ട് നേടിയാണ് ലുല പ്രസിഡന്റ് കസേര ഉറപ്പിച്ചത്. 44 ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു ബോൾസൊനാരോയുടെ പരാജയം.

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ബോൾസൊനാരോ ഇതുവരെ തയാറായിട്ടില്ല. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, അവസാനിക്കേണ്ട സമയത്തിനു ശേഷം രണ്ട് മണിക്കൂർ കൂടി വോട്ടെടുപ്പ് നീട്ടിയതാണ് തനിക്ക് തിരിച്ചടിയായെന്നും വാദിച്ചു. എന്നാൽ സമയം നീട്ടണമെന്ന് ബോൾസൊനാരോയുടെ പാർട്ടിയും ലുലയുടെ പാർട്ടിയും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ ഉത്തരവിനെ തുടർന്നാണ് വോട്ടെടുപ്പ് സമയം നീട്ടിയത്. ഇതിനെ 'വൃത്തികെട്ട തന്ത്രം' എന്നാണ് ബോൾസൊനാരോ വിശേഷിപ്പിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ പാർട്ടിയായ ലിബറൽ പാർട്ടി തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സമയം നീട്ടിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

Content Highlights: Following his defeat in the Brazilian presidential runoff election to incumbent Luiz Inacio Lula da Silva and the cancellation of his passports, right-wing politician Flavio Bolsonaro fled to Florida, USA.