ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം, ഇരട്ടത്താപ്പ് പാടില്ല; പണം നൽകി പ്രോത്സാഹിപ്പിക്കരുത്- മോദി

കസാൻ: ഭീകരവാദത്തെ പണം നൽകി പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കെതിരേ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. ഭീകരതയ്ക്കെതിരായ യു.എൻ ഉടമ്പടി അംഗീകരിക്കണമെന്നും മോദി ബ്രിക്സ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.
ഭീകരവാദത്തെ ചെറുക്കുന്നതിന് നാം ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് പ്രവർത്തിക്കണം. ഇത്തരം വിഷയങ്ങളിൽ ഇരട്ടത്താപ്പ് പാടില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കൾക്കിടയിൽ സമൂലപരിഷ്കാരവാദം തടയാൻ നാം സജീവമായ നടപടികൾ ഉൾക്കൊള്ളണമെന്നും മോദി വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് വികസ്വരരാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്റെ 16-ാം ഉച്ചകോടിക്ക് റഷ്യൻ നഗരമായ കസാനിൽ തുടക്കമായത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ആതിഥ്യമേകുന്ന ഉച്ചകോടിയിൽ ബ്രിക്സ് രാഷ്ട്രനേതാക്കളെ കൂടാതെ 36 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. തുർക്കിയുടെ പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ, ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ തുടങ്ങിയ ഇരുപതോളം രാഷ്ട്രനേതാക്കൾ ഇതിലുൾപ്പെടും.
2009-ലാണ് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് ‘ബ്രിക്’ കൂട്ടായ്മ തുടങ്ങിയത്. 2010-ൽ ദക്ഷിണാഫ്രിക്ക ചേർന്നതോടെ പേര് ‘ബ്രിക്സ്’ എന്നായി. വിപുലീകരണത്തിന്റെ ഭാഗമായി ഈ ജനുവരിയിൽ ഇറാൻ, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ., സൗദി അറേബ്യ എന്നീ രാജ്യങ്ങൾകൂടി അംഗമായി. തുർക്കി, അസർബയ്ജാൻ, മലേഷ്യ എന്നീ രാജ്യങ്ങളും അംഗത്വത്തിനപേക്ഷ നൽകിയിട്ടുണ്ട്.
Content Highlights: Firm support needed against terrorism, no place for double standards, PM Modi at Brics