യുദ്ധവാർത്തകൾ: യു.എസ്. ചാനലുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

Photo: AP
Photo: AP

വാഷിങ്ടൺ: ഇറാൻയുദ്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ രീതിമാറ്റുകയും പൊതുതാത്പര്യാർഥം പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ യു.എസ്. വാർത്താ ചാനൽ ശൃംഖലകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ (എഫ്.സി.സി.) അധ്യക്ഷൻ ബ്രെൻഡൻ കർ മുന്നറിയിപ്പുനൽകി.

നുണപ്രചാരണവും വ്യാജവാർത്തകളുമാണ് ചാനലുകൾ നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപും അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഇതേ ആരോപണമുന്നയിച്ചിരുന്നു. വെള്ളിയാഴ്ച പെന്റഗണിൽനടത്തിയ വാർത്താസമ്മേളനത്തിൽ ഹെഗ്സെത്ത് ‘സി.എൻ.എൻ.’ ചാനലിനെ പേരെടുത്തു വിമർശിച്ചു. ചാനലുകൾക്കും പത്രങ്ങൾക്കുമെതിരേ തിരിഞ്ഞ ട്രംപ്, ‘ദ വോൾസ്ട്രീറ്റ് ജേണൽ’, ‘ദ ന്യൂയോർക്ക് ടൈംസ്’ എന്നിവ മനഃപൂർവം തെറ്റായ തലക്കെട്ടുകൾ നൽകുകയാണെന്ന് ആരോപിച്ചിരുന്നു. ബ്രെൻഡർ കറിന്റെ നടപടിയെ അദ്ദേഹം പ്രശംസിച്ചു.

അതേസമയം, കറിന്റെ ഭീഷണിക്കെതിരേ ഡെമക്രാറ്റുകളും ഏതാനും റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങളും രംഗത്തെത്തി. ഭീഷണി, യു.എസ്. ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിനെതിരാണെന്ന് രണ്ടുകൂട്ടരും പറഞ്ഞു.

Content Highlights: FCC Chair Brendan Carr threatens to revoke licenses of news channels over biased Iran war coverage., Accusations of misinformation and fake news directed at major outlets like CNN, WSJ, and NYT., Trump and defense secretary Pete Hegseth support the FCC's stance., Bipartisan backlash regarding the threat to US First Amendment press freedom.