മെൽബണിൽ മോദി താമസിച്ച ഹോട്ടലിൽ കടന്നുകയറി തീവ്ര വലതുപക്ഷ-കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി | Photo: AFP
നരേന്ദ്ര മോദി | Photo: AFP

സിഡ്‌നി: ഓസ്‌ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ കടന്നുകയറി തീവ്ര വലതുപക്ഷ-കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം. മെൽബണിലെ ഹോട്ടലിലാണ് സംഭവം. സോഷ്യൽമീഡിയ താരമായ ഹ്യൂഗോ ലെന്നൻ (22) ആണ് ഹോട്ടലിൽ അതിക്രമിച്ച് കയറിയത്. ഇയാൾ അസഭ്യ മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദ്വിദിനസന്ദർശനത്തിനായി ബുധനാഴ്ചയാണ് മോദി ഓസ്‌ട്രേലിയയിൽ എത്തിയത്.

ഹോട്ടലിൽ കടന്നുകയറി അസഭ്യം മുഴക്കിയ ഹ്യൂഗോ, വ്യാഴാഴ്ച മെൽബണിലെ മാർവൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻസമൂഹത്തെ മോദി അഭിസംബോധന ചെയ്ത സമയത്തും അവിടെയുമെത്തി പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ നീക്കം വിജയം കണ്ടില്ല. പിന്നാലെ ഇയാൾ അവിടെനിന്ന് പോവുകയും ചെയ്തു. ഇൻഫ്‌ലുവൻസറായ ഹ്യൂഗോയുടെ സോഷ്യൽ മീഡിയയിലെ പേര് ഓസ്പിൽ എന്നാണ്.

ഹോട്ടൽ ലോബിയിൽ റെഡ് കാർപറ്റിലെത്തിയ മോദിയ്ക്ക് നേരെ കൂകിവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഇത് ഓസ്‌ട്രേലിയയാണ്. ഇനി ഇന്ത്യക്കാരെ വേണ്ട. ഞങ്ങൾക്ക് ഇനി കുടിയേറ്റക്കാരെ വേണ്ട. ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്ക് വേണ്ടിയുള്ളതാണ് എന്നിങ്ങനെ ഹ്യൂഗോ ഒന്നാംനിലയിലെ ലോബിയിൽനിന്ന് അട്ടഹസിക്കുകയായിരുന്നു. ഉടൻ ഇടപെട്ട പോലീസ് ഇയാളെ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.

അതേസമയം പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിൽ ഹ്യൂഗോസിന് എങ്ങനെ കയറിപ്പറ്റാൻ കഴിഞ്ഞു എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഓസ്‌ട്രേലിയൻ പോലീസ് മറുപടി പറയാൻ വിസമ്മതിച്ചു.

Content Highlights: Far-right activist Hugo Lennen breached security at PM Modi's Melbourne hotel., The individual shouted anti-immigration slogans inside the hotel lobby., Police intervened and removed the activist from the premises., Questions remain regarding the security lapse at the hotel.