പാകിസ്താനിൽനിന്ന് വിഷക്രീം ഒഴുകുന്നു; ദുബായിൽ എത്തിച്ചശേഷം കേരളത്തിലേക്ക്

#ജി. രാജേഷ് കുമാര്‍
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തിരുവനന്തപുരം: ഇറക്കുമതിനിരോധനമുണ്ടായിട്ടും പാകിസ്താൻ നിർമിത സൗന്ദര്യവർധക ക്രീമുകൾ സംസ്ഥാനത്തെ വിപണികളിലേക്ക് ഒഴുകുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നവയാണിവയെല്ലാമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പുനൽകി.

രണ്ടുമാസംമുൻപ് നടത്തിയ പരിശോധനയിൽ പാകിസ്താനിൽ നിർമിച്ച 'ഫൈസ', 'ഗോരി' ക്രീമുകൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ 20,000 പി.പി.എം. (പാർട്സ് പെർ മില്യൺ)വരെ മെർക്കുറിയാണ് (രസം) കണ്ടെത്തിയത്. മുഖത്ത് പുരട്ടുന്ന ക്രീമുകളിൽ അനുവദനീയമായ മെർക്കുറി ഒരു പി.പി.എം. മാത്രമാണ്. പരിശോധന നടക്കുന്‌പോൾ വിപണിയിൽനിന്ന് ഇവ അപ്രത്യക്ഷമാകുമെങ്കിലും വൈകാതെ തിരിച്ചെത്തും. മുൻപ് പിടിക്കപ്പെട്ട ക്രീമുകൾ ലേബൽ മാറ്റിവിൽക്കുന്നതും വ്യാപകമാണ്. ഓൺലൈൻ വിൽപ്പനയും കൂടി. പാകിസ്താനിൽനിന്ന് ദുബായിൽ എത്തിച്ചശേഷമാണ് ഇവ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമെത്തുന്നതെന്നാണ് റിപ്പോർട്ട്.

വൃക്കയെ ബാധിക്കും

:ചർമത്തിലെ മെലാനിന്റെ ഉത്പാദനം തടഞ്ഞ് വെളുപ്പുനിറം തോന്നിക്കാനാണ് ക്രീമുകളിൽ മെർക്കുറി ചേർക്കുന്നത്. അമിതമായി ചേർക്കുന്ന മെർക്കുറി ചർമത്തിലൂടെ രക്തത്തിലെത്തി അതുവഴി വൃക്കയെ സാരമായി ബാധിക്കുമെന്ന് കോട്ടയം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം പ്രൊഫസർ ഡോ. കെ.എസ്. സജീവ് കുമാർ പറഞ്ഞു. ഗോരി ക്രീമിന് അനുമതിയോ ഇറക്കുമതി രജിസ്ട്രേഷനോ ഇല്ലെന്നും അനുവദനീയ പരിധിയിലും കൂടുതൽ ഘനലോഹങ്ങളുണ്ടെന്നും കേന്ദ്ര ഡ്രഗ്സ് റെഗുലേറ്ററായ സി.ഡി.എസ്.സി.ഒ.യുടെ മുന്നറിയിപ്പുണ്ട്. 'ചാന്ദ്നി' എന്ന വൈറ്റനിങ് ക്രീമിനെതിരേയും മുന്നറിയിപ്പുണ്ട്.

ഉത്പന്നങ്ങളെക്കുറിച്ചുള്ള പരാതികൾ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾഫ്രീ നമ്പറായ 1800-425-3182-ൽ അറിയിക്കാം.

മലപ്പുറത്ത് കേസെടുത്തു

മലപ്പുറം: മുഖകാന്തി കൂട്ടാനുള്ള ക്രീം ഉപയോഗിച്ച അരീക്കോട്ടെ പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴിയെടുത്തശേഷം അരീക്കോട് പോലീസാണ് കേസെടുത്തത്. ഓൺലൈൻ വഴി വാങ്ങിയ 'എഫ് ട്യൂൺ' ക്രീമിന്റെ സാംപിൾ പെൺകുട്ടി പോലീസിനു കൈമാറി.